A reunion is nothing but a time travel to the past where we left us.
നീ ഞങ്ങളെക്കുറിച്ച് ഇതുവരെ എഴുതിയിട്ടില്ല, പക്ഷേ റിയൂണിയൻ കഴിഞ്ഞു ചെല്ലുമ്പോൾ എഴുതണമെന്ന് സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ചാണ് ഈ പോസ്റ്റ് എഴുതാനിരുന്നത്. പക്ഷേ, ഞാനിതുവരെ തിരിച്ചെത്തിയിട്ടില്ല എന്നുള്ളതാണ് സത്യം. Because there is an addicting happiness in being with people who love you for nothing but just what you are…
കോഴ്സ് കഴിഞ്ഞ് പതിനാലു വർഷങ്ങൾക്ക് ശേഷം കൊച്ചിയിൽ ഒരു പുനസമാഗമം സംഘടിപ്പിച്ചപ്പോൾ, അതും ന്യൂഇയറിന്റെ അന്ന്, പോകണോ വേണ്ടയോ എന്ന് മനസ്സിൽ സംശയമുണ്ടായിരുന്നു. ജോലികൾ കൊണ്ടും ജീവിതാനുഭവങ്ങൾ കൊണ്ടും എല്ലാവരും തന്നെ കൂടെയിരുന്ന സമയത്തിൽ നിന്നും വ്യത്യസ്ത ദിശകളിലേക്ക് ബഹുദൂരം സഞ്ചരിച്ച് കഴിഞ്ഞിരിക്കുന്നു. ശരീരം സഞ്ചരിച്ചവിടെയെത്തിയാലും ആ സൗഹൃദങ്ങളിലേക്ക് മനസ്സ് കൊണ്ടൊരു തിരിച്ചുപോക്ക് സാധ്യമാകുമെന്ന് കരുതിയിരുന്നില്ല. But, to all of our surprise, we were simply back in time, to our most happy selves without any effort.
2002ൽ ഉഡുപ്പി എസ് ഡി എം ആയുർവേദ കോളേജിൽ ചേരുമ്പോൾ ഞങ്ങൾക്ക് 17-18 വയസ്സാണ് പ്രായം. 22 മലയാളികളും ഏകദേശം അത്രതന്നെ കന്നഡിഗകളും ഉത്തരേന്ത്യക്കാരും കൂടി എഴുപത്തഞ്ച് പേരായായിരുന്നു ഞങ്ങളുടെ ബാച്ചിൽ. താരതമ്യേനെ ആൺകുട്ടികളുടെ അംഗസംഖ്യ കുറഞ്ഞ ആയുർവേദ ബാച്ചുകളിൽ നിന്ന് വ്യത്യസ്തമായി ‘gender equality ‘ ഉണ്ടായിരുന്നത് കൊണ്ടും, അത്ര തന്നെ ‘ഊർജസ്വലരായിരുന്ന’ പെൺകുട്ടികളും കൂടി നിറഞ്ഞ ഒരു ബാച്ച് കൂടിയായത് കൊണ്ട് അക്കാദമിക് കാര്യങ്ങളെക്കാൾ കോലാഹലങ്ങൾക്ക് മുൻപന്തിയിലായിരുന്നു ഞങ്ങൾ. ക്ളാസുകൾക്കൊപ്പം സമാന്തരമായി കടന്നുപോകുന്ന, കൂവിത്തകർക്കാനായി വേണ്ടി മാത്രം കാണുന്ന മോഹനവർമ കപ്പ് ക്രിക്കറ്റ് മാച്ചും, സ്പോർട്സ് ദിനങ്ങളും കലോത്സവങ്ങളും ക്ലാസ്സ് കട്ട് ചെയ്ത് കാണുന്ന സിനിമകളും ഞായറാഴ്ചകളിലെ ചുറ്റിത്തിരിയലുകളും നിറഞ്ഞ ആവേശഭരിതമായ കാലഘട്ടം. ‘പാൻ ഇന്ത്യൻ’ ആഘോഷങ്ങൾ മാറി മാറി ആഘോഷിച്ചിരുന്ന വർണശബളമായ കാലഘട്ടം.
ജീവിതത്തെക്കുറിച്ചുള്ള ആകാംഷകളില്ലാത്ത ഏറ്റവും മധുരമുള്ള യൗവനത്തിലേക്കുള്ള കാൽച്ചുവടുകൾ ഈ സൗഹൃദങ്ങൾക്കൊപ്പമാണ് വെച്ചത്. എല്ലാ ദേശക്കാർക്കിടയിലും ഉണ്ടാകുന്നത് പോലെ ഞങ്ങൾ മലയാളികൾക്കിടയിലും ഉണ്ടായിരുന്നു പ്രത്യേകമായ അടുപ്പം. വീട്ടിൽ നിന്ന് അകന്ന് കഴിഞ്ഞിരുന്ന ഞങ്ങൾക്ക് പിന്നീടുള്ള അഞ്ചര വർഷത്തേക്ക് അതായിരുന്നു കുടുംബം. ക്ലാസ്സിലും പ്രാക്ടിക്കൽ ഹാളിലും ഹോസ്പിറ്റലിലെ കേസ് ടേക്കിങ്ങുകളിലും കൂടെ നിന്നവർ, വിനോദയാത്രകൾക്ക് കൈകോർത്തവർ, നാട്ടിലേക്കുള്ള ഓരോ ട്രെയിൻ യാത്രകളിലും കൂട്ടും സുരക്ഷയുമായി കൂടെ നിന്നവർ, പരീക്ഷകളുടെയും വൈവകളുടെയും ഭയങ്ങൾ പങ്കിട്ടവർ, പ്രണയങ്ങളും പ്രണയനൈരാശ്യങ്ങളും സൗഹൃദങ്ങളിലെ വിളളലുകളും അറിഞ്ഞവർ, വിജയങ്ങളിലും തോൽവികളിലും കൂടെ നിന്നവർ, ചിരികളുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയവർ, ആകാംക്ഷകളും കണ്ണീരും ഒപ്പിയവർ. എല്ലാം കൊണ്ടും അഞ്ചരവർഷം ഒപ്പം നടന്നവർ!ഇതിനപ്പുറത്തേക്ക് ഇവരെക്കുറിച്ച് എന്ത് പറയണമെന്നറിയില്ല. മറ്റൊരു നാട്ടിൽ ഞങ്ങളൊന്നിച്ച് തീർത്ത ഓണപ്പൂക്കളങ്ങൾ കാലമിത്രകഴിഞ്ഞിട്ടും മനസ്സിൽ മായാതെ കിടക്കുന്നുണ്ടെന്ന് മനസ്സിലാക്കിത്തന്നത് ഈ കഴിഞ്ഞ റീയൂണിയൻ ആണ്.
പദ്ധതികളെ മറികടന്നു തലേദിവസം തന്നെ ഞങ്ങളെല്ലാവരും എത്തിച്ചേർന്നപ്പോൾ രാത്രി താമസത്തിന് മുൻകൂട്ടി ബുക്ക് ചെയ്ത കൊച്ചി നഗരത്തിലെ എസ്ക്വിന റെസിഡൻസിയുടെ സ്വീകരണമുറിയിലെ വലിയ കൗച്ച് പതിനാലു വർഷക്കാലത്തെ ഇടവേളയുടെ അകലം നികത്തി. സ്ഥലമോ സൗകര്യമോ ഒന്നുമല്ല ഒന്നിച്ചിരിക്കുന്ന നിമിഷങ്ങളെ മനോഹരമാക്കുന്നത്. പിറ്റേന്ന് പരിപാടിയ്ക്കായി ഒരു റിസോർട്ട് ബുക്ക് ചെയ്യേണ്ടിയിരുന്നില്ല എന്ന് പോലും തോന്നി. രാത്രി പാതിരയ്ക്ക് ഐസ്ക്രീം തിന്നാൻ കൂട്ടത്തിലാരുടെയോ തലയിലുദിച്ച ഒരു തോന്നൽ വെറുതെയായില്ല. എന്നുമോർക്കാനായി കൊച്ചിനഗരത്തിൽ പന്ത്രണ്ടു മണിക്ക് ന്യൂഇയർ ആഘോഷങ്ങൾക്കായി മാനത്ത് മിന്നിത്തെളിഞ്ഞ വർണ്ണപ്പൂക്കുലകൾക്ക് താഴെയൊരു നൈറ്റ്ഡ്രൈവും ബാസ്കിൻ റോബിൻസിലെ ഐസ്ക്രീമും. അതും കഴിഞ്ഞ് ഹോട്ടലിന്റെ റൂഫ്ടോപ്പിൽ ഞങ്ങൾക്കായി കാത്തിരുന്ന ന്യൂഇയർ കേക്കും കഴിച്ചാണ് മനസ്സില്ലാമനസ്സോടെ ഞങ്ങൾ കിടന്നുറങ്ങാൻ പോയത്. പിറ്റേന്ന് പദ്ധതി പ്രകാരം ബുക്ക് ചെയ്ത നിഹാര റിസോർട്ട്സിൽ ഒരു വട്ടമേശയ്ക്ക് ചുറ്റും പാട്ടും കഥകളും ഓർമകളും തമാശകളും പങ്കിട്ട റിയൂണിയൻ അവസാനിച്ചപ്പോൾ എന്നും മനസ്സിൽ താലോലിക്കാൻ ഒരു പിടി ഓർമ്മകളും ഒരു വിളിപ്പാടകലെ നിലനിൽക്കുന്ന സ്നേഹസാന്നിധ്യങ്ങളുടെ കരുത്തുമായാണ് ഞങ്ങൾ വിടപറഞ്ഞത്.
ഒരേ ക്ലാസ്സ്മുറിയിൽ ഇരുന്ന് ഞങ്ങളൊരുമിച്ച് പങ്കിട്ട സമയത്തിന്റെ വില ഇന്ന് വീണ്ടുമൊന്നിക്കുമ്പോൾ തിരിച്ചറിയാൻ ഞങ്ങൾ ഒരുപോലെയനുഭവിച്ച മനസ്സ് നിറഞ്ഞ സന്തോഷമൊന്നു മാത്രം മതി. ജീവിതത്തിലെ വിവിധ വേഷങ്ങളും വ്യക്തിമുദ്രകളുടെ ആർഭാടങ്ങളും അഴിച്ച് വെച്ച് സങ്കീർണതകളില്ലാത്ത എന്നിലേക്ക് തിരിച്ചു പോകാൻ നീണ്ട പതിനാലു വർഷം കാത്തിരിക്കേണ്ടി വന്നു എന്ന് പറയാം. നിരുപാധികമായ നിറഞ്ഞ സ്നേഹത്തോടെ ഞങ്ങളൊന്നിച്ചിരുന്ന ആ രണ്ടു ദിവസങ്ങൾക്ക് പകരം വെക്കാൻ മറ്റൊന്നുമില്ലാത്തത് കൊണ്ട്, വീണ്ടും വീണ്ടും കണ്ടുമുട്ടാം വർഷത്തിലൊരിക്കലെങ്കിലും എന്ന തീരുമാനവുമായാണ് ഞങ്ങൾ മടങ്ങിയത്. പൊട്ടിച്ചെറിയാനാവത്തവണ്ണം ബലമുള്ള സ്നേഹത്തിന്റെ കണ്ണികൾ കൊണ്ട് ഞങ്ങളെ വീണ്ടും കോർത്തിണക്കിയ കാലത്തിന് നന്ദി.
P. S- രണ്ടു ദിവസം ഞങ്ങളോടൊന്നിച്ച് കൂടി സ്നേഹത്തോടെ സഹകരിച്ച രണ്ടു കുടുംബങ്ങൾക്കും പ്രത്യേകം നന്ദി. ഇത്തവണ ഞങ്ങൾ പത്തു പേരെ ഉണ്ടായിരുന്നുള്ളൂ. വരാൻ സാധിക്കാത്ത എല്ലാവർക്കും അടുത്ത തവണ വരാൻ സാധിക്കട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.