വരികൾക്ക് അർത്ഥവും ഭംഗിയും നൽകുന്നത് വാക്കുകൾക്കിടയിൽ, പാലിക്കാതെ കിടക്കുമ്പോൾ മാത്രം പ്രകടമാകുന്ന ആ അകലങ്ങളാണ്. സൂര്യനും ഗ്രഹങ്ങളും തമ്മിൽ പാലിക്കപ്പെടുന്ന ഒരു അകലം ഉണ്ട്. ഭൂമിയും ചന്ദ്രനും തമ്മിൽ പാലിക്കുന്നുണ്ട് അകലം, രാവും പകലും പാലിക്കുന്ന അകലങ്ങൾ ഉണ്ട്. ഋതുക്കൾ പാലിക്കുന്ന അകലം. ഒന്നിച്ചു പറക്കുന്ന പറവകൾ പാലിക്കുന്ന അകലം. ഒരേ കൂട്ടത്തിലെ മൃഗങ്ങൾ തമ്മിൽ പാലിക്കുന്ന അകലം. പ്രപഞ്ചത്തിലെ കോടാനുകോടി നക്ഷത്രങ്ങൾ പോലും ഒരകലം പാലിക്കുന്നുണ്ട്.
അകലങ്ങൾ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? സൗരയൂഥത്തെത്തന്നെ ഉദാഹരണമാക്കി എടുക്കാം. അതിൽ അകലങ്ങൾ പാലിക്കപ്പെടുന്നില്ലെന്നു കരുതുക. സൂര്യനും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും നക്ഷത്രങ്ങളും പരസ്പരമിടിച്ച് തകർന്നിരിയ്ക്കാം, ആ ആഘാതത്തിൽ സൂര്യന്റെ ഊർജം നഷ്ടപ്പെട്ടിരിയ്ക്കാം, അവശേഷിപ്പുകളില്ലാതെ ജീവജാലങ്ങളെല്ലാം നശിച്ചുപോയെന്നിരിയ്ക്കാം, ഋതുക്കളും, കാലവും എന്തിന് സൂര്യൻ പോലും പ്രപഞ്ചത്തിൽനിന്നും മായ്ഞ്ഞു പോയെന്നിരിയ്ക്കാം. പാലിക്കപ്പെടേണ്ട അകലം എന്ന ഒരൊറ്റ നിയമം നിലനിൽപ്പിന്റെ അടിസ്ഥാനമാകുന്നത് അങ്ങനെയാണ്.
മനുഷ്യൻ എവിടെയെങ്കിലും അകലങ്ങൾ പാലിക്കാൻ സന്നദ്ധത കാണിക്കാറുണ്ടോ? ഇല്ലെന്നുള്ളതാണ് പരമമായ സത്യം. സ്വയം നിലനിൽക്കാനും പരസ്പരം നിലനിർത്താനുമുള്ള ആവശ്യകതയായി ആത്മാവിൽ പതിഞ്ഞ അകലത്തിന്റെ അർത്ഥത്തിന് പരിണാമം സംഭവിയ്ക്കും വരെ അകലങ്ങളിൽ നിന്ന് അകലം പാലിയ്ക്കപ്പെടുക തന്നെ ചെയ്യും. ഒരു മനുഷ്യൻ അവന്റെ ജീവിതത്തിലേയ്ക്ക് ഘടിപ്പിക്കപ്പെട്ടിട്ടുള്ള വസ്തുതകളിലേയ്ക്ക് പാലിക്കുന്ന ദൂരങ്ങളിൽ വ്യതിചലനം സംഭവിക്കുമ്പോഴാണ് ജീവിതം തന്നെ അസന്തുലിതമാവുന്നത്.
ഗുരുത്വാകർഷണവലയം നഷ്ടപ്പെട്ട ഉപഗ്രഹം പോലെയാണ് കൃത്യമായ അകലങ്ങൾ കല്പിക്കാനാവാത്ത മനുഷ്യനും. കൂടെ നിൽക്കേണ്ടത് അകന്നു പോകാനും അകന്നു നിൽക്കേണ്ടത് വന്നു ഭവിയ്ക്കാനും കാരണമാകുന്നത് ഇതേ അകലം തന്നെയാണ്. സ്വതന്ത്രനായ ഒരാത്മാവ്, ലൗകികനായി ഒരു ജന്മം തേടുന്നത് ആത്മപരിണാമത്തിനു വേണ്ടി മാത്രമാണ്. ആ യാത്രയിൽ യോഗവും വിയോഗവും അനിവാര്യതയും. ഒരായുസ്സു പൂർത്തീകരിക്കുന്നതിനിടയിൽ അകാലമൃത്യു സംഭവിക്കാത്ത ഒരു മനുഷ്യൻ ജനനത്തിൽ നിന്നും മരണത്തിൽ നിന്നും പാലിക്കേണ്ട ഒരു സമദൂരമുണ്ട്. ധർമശാസ്ത്രം നിർവചിക്കുന്ന ആശ്രമധർമ്മങ്ങൾക്കിടയിൽ ഒളിഞ്ഞുകിടക്കുന്ന അകലങ്ങൾ. ബ്രഹ്മചര്യവും ഗൃഹസ്ഥാശ്രമവും കൊണ്ട് ജീവിതത്തിലേക്കും, വാനപ്രസ്ഥവും സന്യാസവും കൊണ്ട് മരണത്തിലേക്കും നടക്കേണ്ട കൃത്യമായ ദൂരങ്ങൾ.
സുനിശ്ചിതമായ മരണമെന്ന സത്യത്തിൽ നിന്ന് ഒളിച്ചോടുന്ന മനുഷ്യൻ കാണാതെ, പാലിക്കാതെ സൗകര്യപൂർവം വിസ്മരിക്കുന്ന അകലങ്ങൾ. പക്ഷേ, അകലങ്ങൾ പാലിക്കാൻ മറന്നവന് അന്ത്യവിശ്രമമില്ല. ദുഃഖം എന്ന ഒറ്റവാക്കിൽ അടക്കാവുന്ന സംസാരദുഃഖം അനുഭവിക്കുന്നവനും അനുഭവിപ്പിക്കുന്നവനും ഒരുപോലെ ഒരേ കർമ്മത്താൽ ബന്ധിതരാവുന്നു. ആ ബന്ധനത്തിന്റെ കണ്ണി മുറിയ്ക്കപ്പെടണമെങ്കിൽ ‘അകലം’ എന്ന ചെറിയ വാക്കിന്റെ വലിയ അർത്ഥം മനസ്സിലാക്കിയേ മതിയാകൂ. സമവായതോടൊപ്പം സമദൂരവും പാലിക്കപ്പെടുമ്പോളാണ് ജീവിതം സുഖകരമാവുന്നത്. ധ്രുവങ്ങൾ തമ്മിൽ സമദൂരം പാലിക്കേണ്ടെന്നു തീരുമാനിച്ചാൽ തീരുന്ന നിലനിൽപ്പേ ഭൂമിയ്ക്ക് തന്നെയുള്ളൂ.