1
‘ എനിക്കിനി എത്ര സമയം ബാക്കിയുണ്ട്?’ ആനന്ദ് കുസൃതി നിറഞ്ഞ ചിരിയോടെ ഡോ. രഘുനന്ദന്റെ മുഖത്തേക്ക് നോക്കി.
‘ അത് ഉറപ്പിച്ചു പറയാൻ ഞാൻ ദൈവമൊന്നുമല്ലല്ലോ ആനന്ദ്.’ മനപ്രയാസമുണ്ടാക്കുന്ന ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കുന്ന തന്റെ സുഹൃത്തിനോടുള്ള നീരസം ഡോക്ടർ മറച്ചു വെച്ചില്ല.
ഉറക്കെ ചിരിച്ചു. ‘ കഠിനഹൃദയനായ ഡോ. രഘുനന്ദന് ഒരു രോഗിയുടെ ദുരവസ്ഥയിൽ മനോവേദനയോ? അവിശ്വസനീയം!’
‘ എത്ര രോഗികളെ കണ്ടാലും മനുഷ്യൻ മനുഷ്യനല്ലതാവുമോ ആനന്ദ്. ‘ ഡോ രഘുനന്ദൻ അത്രയും പറഞ്ഞ് ഒന്ന് നിർത്തി.
‘ തന്നോട് തർക്കിക്കാൻ ഞാനില്ല. തന്നെ ഇവിടെ നിന്ന് എത്രയും പെട്ടന്ന് പറഞ്ഞു വിടാനായി ഞാൻ ഡിസ്ചാർജ് ഷീറ്റ് റെഡി ആക്കാൻ പറഞ്ഞിട്ടുണ്ട്.’ അദ്ദേഹത്തിന്റെ മുഖത്ത് ചിരി പടർന്നു.
‘ എടോ താനീ സെന്റിമെന്റ്സ് ഒക്കെ കളഞ്ഞിട്ട്
ഞാൻ ചോദിച്ചതിന് ഉത്തരം പറയ്.’ ഒരു സുഹൃത്തിന്റെ സ്വാതന്ത്ര്യം മുതലെടുത്തുകൊണ്ട് ആനന്ദ് വാശിപിടിച്ചു.
‘ ഒരു വർഷമെന്നുള്ളത് ഏറ്റവും ചുരുങ്ങിയ കാലയളവാണ് എന്റെ ഊഹത്തിൽ. നീണ്ടു പോകാം, അതുവരെ താൻ സ്വയം പീഡിപ്പിക്കാതിരുന്നാൽ.’ ഡോക്ടറുടെ മുഖത്ത് ഗൗരവം പടർന്നു.
‘ അപ്പോൾ ഒരു പുസ്തകം കൂടി എഴുതാനുള്ള സമയമുണ്ട്!’ ആനന്ദ് താടി ചൊറിഞ്ഞു.
‘ വല്ലതും മനസ്സിലുണ്ടോ?’. രഘുനന്ദൻ അന്വേഷിച്ചു.
‘ഉം… മരണമൊഴിയെന്നോ വിൽപ്പത്രമെന്നോ പേരുള്ള ഒരു കഥ.’ അയാൾ മനസ്സിലുറപ്പിച്ചത് പോലെ പറഞ്ഞു.
‘ അത് എഴുതുന്നതിലും ഭേദം എഴുതാതിരിക്കുന്നതാണ്. മനസ്സിനെ കൂടുതൽ സംഘർഷങ്ങളിലൂടെ കടത്തി വിടാതെ സന്തോഷം തരുന്ന എന്തെങ്കിലും എഴുതെടോ. അതാണ് തന്റെ ആരോഗ്യത്തിനും നല്ലത്.’ ഡോക്ടർ തന്റെ അഭിപ്രായം തുറന്നു പറഞ്ഞു.
‘ മരിക്കാൻ പോകുന്നവന് എന്തിനാണെടോ ആരോഗ്യം? ഇനിയും ആരോഗ്യം പരിപാലിച്ച് ദുരിതങ്ങളുടെ ദൈർഘ്യം കൂട്ടാനോ?’. സുഹൃത്തിന്റെ അഭിപ്രായത്തോടുള്ള തന്റെ നീരസം അയാൾ പ്രകടിപ്പിച്ചു.
‘ തന്റെ ഇഷ്ടം പോലെ ചെയ്യ്. ‘
ഡോ.രഘുനന്ദൻ പരാജയഭാവത്തിൽ എഴുന്നേറ്റു.
‘No point in worries my friend, Let me walk to the grave with grace…!’
ആനന്ദ് പൊട്ടിച്ചിരിച്ചു കൊണ്ട് സുഹൃത്തിന് വിട നൽകി.
2
തുറന്നു വായിച്ച ഒരു കത്ത് കയ്യിൽ തന്നെ പിടിച്ചു കൊണ്ട് ആനന്ദ് മരത്തിന്റെ അഴികളുള്ള ജനാലയിൽ ചാരി പുറത്തേക്ക് നോക്കി. ഹരിതമനോഹരമായ ഭൂമിയുടെ ആ ഖണ്ഡം മോഹിച്ച് സ്വന്തമാക്കിയതാണെങ്കിലും, യാത്രകൾക്കിടയിൽ തങ്ങാനൊരിടം മാത്രമായത് മാറി. വസന്തത്തിൽ പൂത്തുലയുന്ന വൻ വൃക്ഷങ്ങൾ നിറയെയുണ്ട് ആ ഭൂമികയിൽ. ഇരുന്നെഴുതാനായി ഗുൽമോഹർ മരത്തിനു കീഴെ സ്ഥാപിച്ച ഇരുമ്പിന്റെ ബെഞ്ച് തുരുമ്പെടുത്ത് തുടങ്ങിയിട്ടുണ്ടാവണം. പറമ്പ് നോക്കി നടത്തുന്ന കേശവനോട് അതൊന്ന് നന്നാക്കാൻ പറയണം. ആനന്ദ് മനസ്സിലോർത്തു. ഇത്തവണ അതിന് ഉപയോഗമുണ്ടാവാൻ സാധ്യതയുണ്ട്.
പിറകിലെ മേശപ്പുറത്തിരിക്കുന്ന വൈനിൽ റെക്കോർഡറിന് ജീവൻ വെച്ചു. സിത്താറിന്റെ ഈണം ആ മുറിയെ ഉണർത്തി. ആനന്ദിന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. അയാൾ പതുക്കെ തല തിരിച്ചു നോക്കി.
‘ ഉസ്താദ് ഷുജാദ് ഖാൻ.’ റാം മനോഹർ ചിരിച്ചു കൊണ്ട് പറഞ്ഞു. ആനന്ദിന്റെ മുഖം പ്രസന്നമായി. അയാളാ നാദത്തിന് കാതോർത്തു.
‘ ഉം… അയാളുടെ സിത്താറിന്റെ മാസ്മരികത കഴിഞ്ഞ ഖുത്തബ് ഫെസ്റ്റിവലിന് നേരിട്ട് അനുഭവിച്ചതാണ്. ഇമ്ദാദ്ഖാനി ഗരാനയിലെ പുതിയ തലമുറ. ഹൃദയത്തിൽ പോറലുണ്ടാക്കാൻ പ്രാപ്തിയുള്ള ആലാപനവും.’ ആനന്ദിന്റെ സ്വത്വം ആ സംഗീതത്തിന്റെ അലൗകികതയിലേക്ക് ചുവടു വെച്ചു. റാം, ആ ജനൽനിരയുടെ മറ്റേ അറ്റത്ത് ചാരി നിന്നു. സംഗീതവും രണ്ടാത്മാക്കളും ആ മുറിയിൽ അലഞ്ഞു നടന്നു.
റാം മനോഹർ ആനന്ദിന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ഡിഗ്രിക്ക് ഇംഗ്ലീഷ് ലിറ്ററേച്ചർ ക്ലാസ്സ്‌റൂമിൽ തുടങ്ങിയതാണ് ആ സൗഹൃദം. എം. എ ലിറ്ററേച്ചർ കഴിഞ്ഞ് റാം ബിസിനസ്സിലേക്ക് ചേക്കേറി. ആനന്ദ് ജേർണലിസം കഴിഞ്ഞു എട്ടു വർഷത്തോളം പത്രത്തിൽ ജോലി ചെയ്തെങ്കിലും, അയാളെ വേട്ടയാടിയിരുന്ന ചിന്തകൾ, ആ മുറുകിയ ബന്ധനമുപേക്ഷിച്ച് വാക്കുകളുടെ വിസ്മയലോകത്തിലേക്ക് കുടിയേറാൻ പ്രേരിപ്പിച്ചു. നാല്പത്തിയഞ്ചാമത്തെ വയസ്സിൽ ഒരു മഹാരോഗം അയാളെ തേടിയെത്തുന്നതിനു മുൻപ് രാജ്യാന്തര പുരസ്കാരങ്ങളുൾപ്പടെ എണ്ണിയാലൊടുങ്ങാത്തത്ര അംഗീകാരങ്ങൾ ആനന്ദിനെ തേടിയെത്തിയിരുന്നു. അറിവിനോടുള്ള അടങ്ങാത്ത ആവേശവും നിയന്ത്രണാതീതമായ മനസ്സുമുള്ള ആ ധൈഷണികന്റെ ജീവിതത്തിൽ എഴുത്തിനും കലയ്ക്കും സൗഹൃദങ്ങൾക്കുമപ്പുറത്ത് മറ്റൊരു ലോകവുമുണ്ടായിരുന്നില്ല. ബന്ധിപ്പിക്കപ്പെട്ടു കിടക്കാനാഗ്രഹിക്കാത്തത് കൊണ്ട് വിവാഹവും വേണ്ടെന്ന് വെച്ചതാണ്.
ആദ്യത്തെ രാഗം തീർന്നപ്പോഴാണ് ആനന്ദിന്റെ കയ്യിലെ കത്തിൽ റാമിന്റെ ശ്രദ്ധ പതിഞ്ഞത്.
‘ പൊട്ടിച്ച് വായിക്കുന്നത് പതിവില്ലാത്തതാണല്ലോ.’ അയാൾ ആശ്ചര്യത്തോടെ ചോദിച്ചു.
‘ മരണം അടുക്കുമ്പോൾ പതിവുകൾ തെറ്റുക സ്വഭാവികമല്ലേടോ .?’ അയാളുടെ ചിരിയിൽ മറഞ്ഞിരുന്ന അസ്വാഭാവികത റാമിന് വ്യക്തമായിരുന്നു.
‘ താൻ മറുപടി എഴുതില്ല എന്നറിയാത്ത ആരോ ഒരാൾ, അല്ലേ?’ റാം ചിരിച്ചു. ആനന്ദ് ആ കത്ത് രാമിന് നേരെ നീട്ടി. അയാൾ അത് വാങ്ങി നിവർത്തി.
‘ പ്രിയപ്പെട്ട ആനന്ദ്,
ഞാൻ മീര. ഓർമ്മപ്പെടുത്താൻ ഒരു മുൻപരിചയം നമ്മൾ തമ്മിലില്ല, എന്നെ ഒറ്റവാക്കിൽ പരിചയപ്പെടുത്താൻ തക്ക പ്രസക്തിയുള്ള മേൽവിലാസവും. ആരാധിക എന്ന വാക്കും അനുയോജ്യമല്ല. ആനന്ദിന്റെ ഒരു പുസ്തകമേ ഞാൻ വായിച്ചിട്ടുള്ളു. അതും കണ്ണടച്ച് പബ്ലിക് ലൈബ്രറിയിലെ അലമാരയിൽ നിന്ന് തിരഞ്ഞെടുത്തത്. കണ്ണുതുറന്ന് തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുമ്പോൾ കണ്ണടച്ചുള്ള ഒരു തിരഞ്ഞെടുപ്പ്. കുട്ടിയായിരിക്കുമ്പോൾ അമ്മ പഠിപ്പിച്ചു തന്നതാണ്. ഇന്ന് കണ്ണ് തുറന്ന് തീരുമാനങ്ങളെടുക്കാൻ മറന്നിരിക്കുന്നു എന്ന് തന്നെ പറയാം. ഈ കത്തും അതുപോലെയൊന്നാണ്.
കഴിഞ്ഞ മാസമാണ് ആനന്ദിന്റെ ‘വയലറ്റ്’ എന്ന പുസ്തകം ഞാൻ വായിക്കുന്നത്. അത് മനസ്സിനെ സ്പർശിച്ചു എന്ന് പറയുന്നതിലും മോഹിപ്പിച്ചു എന്ന് പറയുന്നതാവും ശരി. നിങ്ങൾ വർണിച്ച വേർഡ്‌സ് വർത്തിന്റെ ലൂസി ഞാനായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. അവൾക്കായി അദ്ദേഹം എഴുതിയ വരികൾ എനിക്ക് വേണ്ടിയും അന്വർത്ഥമായിരുന്നെങ്കിൽ എന്ന് മനസ്സ് കൊതിച്ചു പോയി.
‘ A violet by a mossy stone
Half- hidden from the eye
Fair as a star, when only one
Is shining in the sky.’
( The lost love – William Wordsworth )
തീവ്രമായി പ്രണയിക്കപ്പെടുന്ന ലോകത്തിനദൃശ്യയായ ഒരുവൾ, പ്രണയിക്കുന്നവന്റെ കണ്ണിൽ മാത്രം നിറഞ്ഞു നിൽക്കുന്ന ഒറ്റ നക്ഷത്രം. ആ വയലറ്റ് പുഷ്പത്തെക്കുറിച്ചുള്ള നിങ്ങളുടെ വർണ്ണന എത്ര തവണ വായിച്ചു എന്നറിയില്ല. ആദ്യമായി മനസ്സിൽ പ്രണയമെന്ന അനുഭൂതി ഇത്ര തീവ്രമായി അനുഭവിപ്പിച്ചതിന് നന്ദി. എഴുത്തും എഴുത്തുകാരനും തമ്മിൽ ഏറെ അന്തരമുണ്ടാവും എന്നറിയാം, എന്നാലും ഈ എഴുത്തുകൾക്ക് ജന്മം കൊടുത്ത ആ കൈവിരലുകളോടുള്ള പ്രണയത്തെ ഇറക്കിവിടാൻ മനസ്സനുവദിക്കുന്നില്ല. ആനന്ദിനെക്കുറിച്ച് ഒരു ഗവേഷണം തന്നെ ഞാൻ നടത്തി എന്ന് പറയാം അതിനു ശേഷം. ഒരിക്കലും പ്രണയിക്കാത്ത ഒരാളാണ് ഈ എഴുത്തുകൾ എഴുതിയത് എന്നറിഞ്ഞപ്പോൾ തോന്നിയ ആശ്ചര്യം ചെറുതല്ല. ഏകാന്തതയിലാണ് പൂർണത എന്ന് മുൻപത്തേത് പോലെ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാനാവുന്നില്ല. ഈ ജന്മത്തിൽ ഇനി എന്തെങ്കിലും അനുഭവിക്കാനോ നേടാനോ ഉള്ള മോഹമില്ല. പക്ഷേ, ഇപ്പോൾ ആനന്ദിനെ ഒന്ന് നേരിൽ കാണണം എന്ന അതിയായ ആഗ്രഹമുണ്ട്. വെറുതെ ഒന്ന് കാണാൻ മാത്രം. ചിലപ്പോൾ അത് മനസ്സിനൊരു ആശ്വാസമേകിയേക്കാം.
താങ്കൾ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജായ വിവരം പത്രത്തിൽ വായിച്ചറിഞ്ഞു. ഞാൻ താമസിക്കുന്നത് ഡൽഹിയിലാണ്. എല്ലാ മെയ്മാസത്തിലും ഒരു മാസത്തെ അവധിക്ക് നാട്ടിൽ വരാറുണ്ട്. വിരോധമില്ലെങ്കിൽ, ആരോഗ്യമനുവദിക്കുമെങ്കിൽ അടുത്ത തവണ വരുമ്പോൾ ഒന്ന് കാണാൻ ആഗ്രഹിക്കുന്നു. പ്രണയമെന്ന വിദൂരസങ്കല്പത്തിന്റെ നേർത്ത അനുഭവം പകർന്ന വ്യക്തിയോടുള്ള ഒരു അഭ്യർത്ഥന, സ്വീകരിക്കാനും നിരസിക്കാനുമുള്ള തീരുമാനം ആനന്ദിന്റെത് മാത്രമാണ്. മറുപടി പ്രതീക്ഷിക്കുന്നു. ‘
സ്നേഹപൂർവ്വം,
മീര.
‘ മീര.’ ദീർഘനിശ്വാസത്തോടെ ആ പേര് ഉച്ചരിച്ചുകൊണ്ട് റാം ആനന്ദിനെ നോക്കി.
‘ മറുപടി അയക്കണോ?’ അയാൾ ചിരിച്ചുകൊണ്ട് തന്റെ സുഹൃത്തിനെ ചോദ്യഭാവത്തിൽ നോക്കി.
‘ വേണ്ട, ഇപ്പൊ വേണ്ടാത്ത തലവേദനകളൊന്നും എടുത്തു തലയിൽ വെക്കണ്ട. തനിക്ക് വിശ്രമമാണ് ആവശ്യം. ‘
റാം വിലക്കി.
‘ എന്റെ അന്ത്യവിശ്രമം തുടങ്ങിക്കഴിഞ്ഞു അല്ലേ?’ ആനന്ദ് പുറത്തേക്ക് നോക്കി. ‘ ഉം. എന്തായാലും താൻ പറഞ്ഞത് കൊണ്ട് വേണ്ടെന്ന് വെച്ചേക്കാം.’
റാം മുഖത്ത് ചിരി വരുത്തിയെങ്കിലും, അയാളുടെ ഹൃദയത്തിൽ ഒരു നീറ്റലനുഭവപ്പെട്ടു.
അന്ന് രാത്രി ആനന്ദിന് ഉറങ്ങാൻ കഴിഞ്ഞില്ല. തന്റെ അഭിരുചികളറിയുന്ന ആത്മസുഹൃത്ത് കൊണ്ടു വന്ന റെക്കോഡ് പ്ലേ ചെയ്ത്, മുറിയിലെ ചാരുകസേരയിലിരുന്ന് അയാളാ കത്ത് വീണ്ടും വായിച്ചു. മറുപടി എഴുതാൻ മനസ്സ് വെമ്പി. റാമിന് കൊടുത്ത വാക്ക് തെറ്റിക്കണമോ വേണ്ടയോ എന്ന് തുലനം ചെയ്തു. വാക്കുകൾ തെറ്റിക്കുന്ന പതിവില്ല. പതിവുകൾ എല്ലാം തെറ്റുന്നു. തെറ്റട്ടെ!കയ്യെത്തും ദൂരത്ത് ചാരി വെച്ച റൈറ്റിംഗ് ബോർഡ് എടുത്ത് മുൻപിൽ വെച്ചു. മേശവലിപ്പിൽ നിന്ന് പേപ്പറും പേനയും എടുത്ത് മറുപടി എഴുതിത്തുടങ്ങി.
‘ പ്രിയപ്പെട്ട മീരാ,
…………………….’
എന്തെഴുതണം? വിശദീകരിച്ച്, ഞാൻ പ്രണയച്ചിട്ടുണ്ട്, പക്ഷേ എന്റെ കഥാപാത്രങ്ങളെ മാത്രമെന്നൊക്കെ എഴുതണോ, അതോ വെറുത കാണാം എന്ന് മാത്രം ഒറ്റ വാചകത്തിൽ ചുരുക്കണോ? ഏതായാലും മീരയെ കാണാൻ മനസ്സ് തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. അയാൾ കണ്ണുകളടച്ചു ദീർഘമായി ശ്വാസമെടുത്തു. ഒരു ശൂന്യത. ആ ശൂന്യതയിലേക്ക് ഉസ്താദ് ഷുജാദ് ഖാന്റെ ശബ്ദം കടന്നു വന്നു.
‘ കിത് നെ ഹിസ്സോം മേൻ ബട്ട് ഗയേ ഹെ ഹം,
മേരെ ഹിസ്സേ മേം കുച്ച് ബചാ ഹീ നഹി. ‘
മാറ്റാർക്കെങ്കിലും എന്തെങ്കിലും നൽകാനുള്ള തന്റെ അശക്തിയെക്കുറിച്ച് അയാൾ മനോഹരമായി ഓർമ്മപ്പെടുത്തി. ആനന്ദ് എഴുതിത്തുടങ്ങിയ കത്ത് ചുരുട്ടി ജനാലയിലൂടെ വലിച്ചെറിഞ്ഞു. ചുരുക്കപ്പെട്ട സമയമെന്ന തന്റെ വിധിയോട് ആദ്യമായി അയാൾക്ക് വിരോധം തോന്നി.
3
പിറ്റേന്ന് സൂര്യനുദിക്കുന്ന നേരത്ത് ആനന്ദ് ഉറക്കമുണർന്നു. മുറിയിലെ ഒച്ചയനക്കം കേട്ട് ജോലിക്കാരി കാപ്പിയുമായി എത്തി. ഡേവിഡോഫിന്റെ സിഗാറും കോഫിയുമാണ് വർഷങ്ങളായി തന്റെ പ്രഭാതങ്ങളെ ഊഷ്മളമാക്കുന്നത്. ഒരു കയ്യിൽ കാപ്പിയും മറുകയ്യിൽ കത്തിച്ച സിഗാറുമായി മുറിക്ക് പുറത്തെ ഇടനാഴികയിലെ ചാരുപടിയിൽ ചെന്നിരുന്ന് അയാൾ പറമ്പിലേക്ക് നോക്കി. അവിടവിടെ കടുത്ത ചുവപ്പ് വിതറിക്കൊണ്ട് ഗുൽമോഹറുകൾ വസന്തത്തിന്റെ ആഗമനമറിയിച്ചു തുടങ്ങിയിരിക്കുന്നു. ആ പ്രഭാതം അയാൾക്ക് നവോന്മേഷം പകർന്നു.
മീര. ഈ വസന്തത്തിന്റെ ആദ്യപുഷ്പം മനസ്സിൽ വിരിയിച്ചത് അവളാണ്. ആനന്ദ് കസേരയും റൈറ്റിംഗ് ബോർഡും പേപ്പറും പേനയുമെല്ലാമെടുത്ത് മുറിയ്ക്ക് പുറത്തേക്കിറങ്ങി. മീരയ്ക്ക് മറുപടിയെഴുതണം. ആ ഒരു ചിന്ത മാത്രമേ നേരം വെളുത്തപ്പോൾ മുതൽ മനസ്സിലുള്ളൂ.
അയാൾ പുഞ്ചിരിച്ചുകൊണ്ട് പേന തുറന്നു.
മീരാ,
പരിമിതമായ എന്റെ സമയം കൊണ്ട് ഇനി മറ്റൊന്നും ചെയ്തു തീർക്കാനില്ല എന്ന തോന്നലാവാം ഈ കത്ത് പൊട്ടിച്ചു വായിക്കാൻ എന്നെ പ്രേരിപ്പിച്ചത്. പക്ഷേ, മീരയുടെ എഴുത്ത് വായിച്ചു കഴിഞ്ഞപ്പോൾ എന്തോ, മനസ്സിലൊരു അന്ധാളിപ്പ്. ഏകാന്തതയിൽ പൂർണതയുണ്ട് മീരാ, അത് ശൂന്യമായിരിക്കുമ്പോൾ മാത്രം. ഏതെങ്കിലുമൊരു വികാരത്തിന്റെ ഒരു തരി അതിലേക്ക് വീണാൽ പിന്നെ പൂർണതയെന്ന വാക്കിന് അവിടെ സ്ഥാനമില്ല. അപൂർണത അസഹനീയമായ ഒരവസ്ഥയാണ്. ഈ കത്ത് പൊട്ടിക്കാതിരിക്കുകയായിരുന്നു ഭേദം എന്ന് തോന്നി. ഇത്രെയും കാലം ഞാൻ കൊണ്ടുനടന്നിരുന്ന ആനന്ദ് എനിക്ക് അന്യനായത് പോലെ, ആദ്യമായി ഏകനായത് പോലെയും. ഇതിനൊന്നും ഒരുത്തരം തിരയുന്നില്ല, തിരയാൻ എനിക്ക് സമയവും ഇല്ല. നീയും അത് തിരയില്ലെന്ന ഉറപ്പുണ്ടെങ്കിൽ, എണ്ണപ്പെട്ട എന്റെ ദിനങ്ങളിൽ ഒന്ന്, ഒറ്റൊന്ന് മാത്രം, ഒന്നും നേടാനില്ലെന്ന് വിശ്വസിക്കുന്ന നിനക്കാവട്ടെ. കാണാം മീരാ, ഈ കാത്തിരിപ്പ് എന്റേത് കൂടിയാണ്.
ആനന്ദ്.
ഒരാഴ്ച കഴിഞ്ഞ് ഗുൽമോഹറിൽ കൂടുതൽ പൂക്കൾ വിടർന്നപ്പോഴേക്കും ആ കഥ ആനന്ദിന്റെ മനസ്സിൽ മൊട്ടിട്ടു കഴിഞ്ഞിരുന്നു. അയാൾ പേനയെടുത്ത് ഒരു വെള്ളപേപ്പറിൽ തന്റെ പുതിയ സൃഷ്ടിയെ നാമകരണം ചെയ്ത്, രണ്ടു വരികളും എഴുതിച്ചേർത്തു.
ഗുൽമോഹർ
‘ മരീചികകൾ സൃഷ്ടിച്ച് ഭ്രമിപ്പിക്കുന്ന ആസന്നമരണമേ, ഈ മനോദൗർബല്യത്തിന് കാലം നിന്നെ ശപിക്കാതിരിക്കട്ടെ.!’
എവിടെ നിന്ന് തുടങ്ങണമെന്ന് ആനന്ദിന് സംശയമുണ്ടായില്ല. കഥ തുടങ്ങുന്നത് ഒരു കത്തിലാണ്.
പ്രിയപ്പെട്ട സുദേവ്,
ഞാൻ താര………..
വാക്കുകൾ ചേർന്ന് വരികളായി ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഈ എഴുത്ത് പെട്ടന്ന് തീരില്ല. ഇത് ആനന്ദിന്റെ പുതിയ കഥയല്ല, പുതിയ ആനന്ദിന്റ കഥയാണ്. മീരയുടെയും. മീര വരാതെ ഈ കഥ പൂർത്തിയാവില്ല.
പ്രിയപ്പെട്ട താരാ,
…………..
ഈ കാത്തിരിപ്പ് എന്റേത് കൂടിയാണ്.
സുദേവ്.
ആനന്ദ് അത്രെയും എഴുതി പേനയടച്ചു വെച്ചു.
4
മെയ്മാസം വന്നു. മീരയും. ആനന്ദ് മോഹിച്ചു സ്വന്തമാക്കിയ ഇടം ആ കൂടിക്കാഴ്ചയ്ക്ക് പലനിറങ്ങളിൽ കലർന്നുകിടക്കുന്ന ചുവപ്പുകൊണ്ട് അലംകൃതമായ വേദിയായി. അസ്തമന സൂര്യന്റെ ചുവപ്പ്. പൂത്തുനിൽക്കുന്ന ഗുൽമോഹറിന്റെ ചുവപ്പ്. ഇരിക്കുന്ന ബെഞ്ചിൻ ചുവട്ടിലെ കൊഴിഞ്ഞ യൗവനത്തിന്റെ ചുവപ്പ്. ഹൃദയതാളങ്ങൾക്കിടയിലൂടെ ഒഴുകി ശരീരത്തിന് ചൂടുപകരുന്ന രക്തത്തിന്റെ കാണാമറയാത്തെ ചുവപ്പ്. തങ്ങളെ പൊതിഞ്ഞ ആ രക്തപുഷ്പകംബളത്തിന്റെ പ്രതിഫലനം പോലെ ചുവപ്പ് നിറത്തിലുള്ള സോഫ്റ്റ് കോട്ടൺ സാരി അലസമായി ഉടുത്ത മീര. അതിൽ നിന്നൊക്കെ വേറിട്ട്, വയലറ്റ് നിറമുള്ള കോട്ടൺ കുർത്തയും പാന്റും ധരിച്ച ആനന്ദ്. കണ്ണിൽ നിറഞ്ഞു നിന്ന വൈരുദ്ധ്യങ്ങളെ അയാളുടെ മനസ്സ് വിശകലനം ചെയ്തു. ഒറ്റനൂലിൽ കോർത്ത വിപരീതദിശയിലേക്കുള്ള വിന്യാസങ്ങൾ, മഴവില്ല് പോലെ, വസന്തവും ഹേമന്തവും പോലെ ജീവിതവും മരണവും പോലെ.
അയാൾ മീരയെ നോക്കി. പതർച്ചയില്ലാത്ത മുഖത്ത് തിരിച്ചറിയാനാവാത്ത ഒരു കുറവ്. കാലത്തിന് അടയാളപ്പെടുത്താനാവാത്ത ഭാവം. എവിടെയോ കൗതുകം ബാക്കി നിൽക്കുന്ന കണ്ണുകൾ. ആഭരണങ്ങളോ ചമയങ്ങളോ അണിഞ്ഞിട്ടില്ലെന്നുള്ളത് ആനന്ദ്
പ്രത്യേകം ശ്രദ്ധിച്ചു.
‘മീര എപ്പോഴും ഇങ്ങനെയാണോ പുറത്തിറങ്ങുന്നത്, ഒരുക്കങ്ങളൊന്നുമില്ലാതെ? അതോ മരണം മുൻപിൽ നിൽക്കുന്ന ഈയുള്ളവനെ കാണാൻ വരുമ്പോൾ പാലിച്ച മിതത്വമോ?’ അയാൾ ഹാസ്യഭാവത്തിൽ തിരക്കി. മീര ചിരിച്ചു.
ഇവിടെ വന്നിരുന്നതിനു ശേഷം അന്നേരമാണ് അവൾ ശ്വാസമയച്ചതെന്ന് തോന്നി.
‘ ഇന്ന് സത്യത്തിൽ ഒരുങ്ങിയാണ് വന്നത്. ഈ ചുവപ്പ് സാരി തന്നെ വലിയ ആർഭാടം. പതിവുള്ളതല്ല. വെള്ളയിൽ പൂക്കളുള്ള പലതരം സാരികൾ, അതാണ് വർഷങ്ങളായുള്ള പതിവ്.’ അവൾ പ്രസന്നമായി ആനന്ദിനെ നോക്കി. ‘ ഐ ആം എ വിഡോ ‘. ആനന്ദിന് എന്തോ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ‘ ഐ ആം സോറി.’ അയാൾ ഉപചാരത്തിനു വേണ്ടി മാത്രം പറഞ്ഞു.
‘ ഏയ്. അതിന്റെയൊന്നും ആവശ്യമില്ല. ഇരുപതാം വയസ്സിൽ വിവാഹം ഇരുപത്തിമൂന്നിൽ വൈധവ്യം. വർഷങ്ങളെത്ര കഴിഞ്ഞു. ജോലിയുൾപ്പടെ ചുമന്നിരുന്ന ഭാരങ്ങളൊഴികെ, ഓർത്തിരിക്കാൻ എനിക്കൊന്നും തന്നിട്ടല്ല സാഗർ പോയത്.’ അപ്രധാനമായ ഒരു കാര്യം പറയുന്ന ലാഘവത്തോടെയാണ് അവളത് പറഞ്ഞത്.
‘ പിന്നീട് വിവാഹത്തിന് ആരും നിർബന്ധിച്ചില്ലേ?’ ആനന്ദ് തിരക്കി.
‘ഇല്ല, ജാതകദോഷം തുണച്ചു. അതുകൊണ്ട് ജീവിതത്തെ നാലഞ്ചു വാക്കിൽ ചുരുക്കിപ്പറയാമിന്ന്. വിധവയായി ഭർതൃഗൃഹത്തിൽ തന്നെ തുടരുന്നു, ഇപ്പോഴും.’ അവൾ പരിഹാസത്തോടെ ചിരിച്ചു.
ചുരുങ്ങിയ വാക്കുകൾ കൊണ്ട് അവളൊരു കത്തിലൂടെ തന്റെ മനസ്സിൽ എന്നോ സ്ഥാനം പിടിച്ചു കഴിഞ്ഞതാണ്. ആനന്ദ് മീരയുടെ കണ്ണുകളിലേക്ക് നോക്കി. എന്തിനെന്നറിയാത്ത നിശബ്ദത അവർക്കിടയിൽ സ്ഥാനം പിടിച്ചു. സമയം ഒരു സ്വപ്നം പോലെ ഒഴുകുകയാണ്.
ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ തലയ്ക്കുള്ളിൽ തലച്ചോറിന്റെ പ്രവർത്തനം നിലച്ചത് പോലെയൊരു ശൂന്യത പടരുന്നു.
ഈ അന്തരീക്ഷത്തിൽ പറന്നു നടക്കുന്ന പൊടിപടലങ്ങൾക്ക് വരെ പ്രണയത്തിന്റെ വർണമുണ്ട്. അതിനെ ദൂരേക്ക് നയിച്ചു കൊണ്ടുപോകുന്ന കാറ്റിൽ ആ നിറങ്ങൾ തനിക്ക് വ്യക്തമായി തുടങ്ങിയിരിക്കുന്നു.
മനസ്സ് പതിയെ പ്രതികരിച്ചു തുടങ്ങുന്നു. ചോദ്യങ്ങളിലൂടെ, ഉത്തരങ്ങളിലൂടെ.
കടന്നു പോകുന്ന ആ സമയം തീർത്ത നിശ്ശബ്ദസായൂജ്യം അവളെയും അമ്പരപ്പിച്ചു. മനുഷ്യർക്ക് പരസ്പരം തോന്നുന്ന ആകർഷണം ഇത്രയും ശക്തിയേറിയ ചുഴിയാണെന്നറിയുന്നത് ഇന്നാണ്, ആനന്ദിനടുത്ത് വന്നിരുന്നപ്പോൾ. പക്ഷെ കണ്ണുകൾ അത് പ്രകടിപ്പിക്കാതെ മനസ്സിനെ വഞ്ചിച്ചുകൊണ്ടിരുന്നു. കാലം സമ്മാനിച്ച അഭിനയ പാടവം, അല്ലെങ്കിൽ നഷ്ടപ്പെട്ട പ്രതികരണശേഷി. പക്ഷേ, അയാളുടെ മനസ്സ് തനിക്ക് വായിക്കാം, പുസ്തകത്താളുകൾക്ക് മീതെ പിടിച്ച ലെൻസിലൂടെയെന്ന പോലെ. അവിടം ഒരു ചോദ്യോത്തരങ്ങളുടെ കുരുക്ഷേത്രമായി മാറിയിരിക്കുന്നു. ഈ ദിവസം അവസാനിക്കുമ്പോൾ നിലനിൽക്കുന്നത് വേദനയായിരിക്കരുതെന്ന് അവൾ മനസ്സിലുറപ്പിച്ചു.
മീരയുടെ കണ്ണുകളിലെ വായിച്ചെടുക്കാൻ പറ്റാത്ത മൗനത്തിന്റെ കോറലുകൾ ആനന്ദിനെ അസ്വസ്ഥനാക്കാൻ തുടങ്ങി. അയാൾ ആ മൂകതയെ ഭഞ്ജിക്കാൻ ശ്രമിച്ചു. ‘മീരാ…. എന്താ താനൊന്നും സംസാരിക്കാത്തത്?’ അവൾ ആനന്ദിന്റെ കണ്ണുകളിൽ നിന്നും തന്റെ കൂട്ടിപ്പിണച്ച കൈവിരലുകളിലേക്കും വീണ്ടും ആനന്ദിന്റെ കണ്ണുകളിലേക്കും നോക്കി. ‘ഞാൻ…’ മീര ഒറ്റവാക്ക് പറഞ്ഞു നിർത്തി തൊണ്ടയിലെ ഇടറിയശബ്ദം ശരിയാക്കി.
‘എന്ത് പറയണം എന്നറിയുന്നില്ല. വെറുതെ ഈ കടന്നു പോകുന്ന ചുരുങ്ങിയ സമയത്തിൽ വാക്കുകൾ കൊണ്ട് നമുക്കിടയിൽ ഒരു മതില് സൃഷ്ടിക്കാതിരിക്കാൻ വേണ്ടി ഞാൻ സംസാരിക്കാതിരിയ്ക്കുകയാണ്. അതിലൊരു നിമിഷം പോലും നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, അധികമായി പറയുന്ന ഒരു വാക്ക് കൊണ്ട് പോലും.’ ഒരു നനവ് അരക്ഷണം മീരയുടെ കണ്ണുകളെ തൊട്ട് അകത്തേക്ക് വലിഞ്ഞത് ആനന്ദ് ശ്രദ്ധിച്ചു. ഇതുവരെ അനുഭവിക്കാത്ത തീവ്രമായ ഏതോ വികാരങ്ങൾ തന്നെ കീഴ്പ്പെടുത്തുന്നതായി അയാൾക്ക് അനുഭവപ്പെട്ടു.
‘ഈ കൂടിക്കാഴ്ച ഒരു വേദനയാകില്ല എന്നുറപ്പാണോ?’ അയാളുടെ അസ്വസ്ഥത ചോദ്യരൂപത്തിലാണ് പുറത്ത് വന്നത്.
‘ആകും. എന്തിന് കള്ളം പറയണം ആനന്ദ് ?.’ അവൾ ഒന്ന് നിർത്തിയ ശേഷം തുടർന്നു. ‘മനുഷ്യർ ദയനീയമായി ഒറ്റപ്പെട്ടുപോകുന്നത് ആൾക്കൂട്ടത്തിലാണ്. വിരസതകൊണ്ട് ദൈർഘ്യമേറിയ ജീവിതത്തിൽ വീണുകിട്ടിയ ഈ നിമിഷം, ആനന്ദിനൊപ്പം ഇരിക്കുമ്പോഴാണ് ഞാൻ എന്റെ അസ്തിത്വത്തെക്കുറിച്ച് പോലും ആദ്യമായി ചിന്തിക്കുന്നത്. ദിവസങ്ങൾ ഈ നിമിഷം പോലെ സുന്ദരമാകാമെന്നുള്ളത് ഒരു തിരിച്ചറിവാണ് ആനന്ദ്. ഈ ദിവസം സമ്മാനിച്ച തിരിച്ചറിവ്. ഇപ്പോൾ മനസ്സിൽ തോന്നുന്നത് ചോദിക്കാതിരുന്നാൽ എന്റെ ബാക്കി ജീവിതം അഗാധമായ ഒരു നഷ്ടബോധത്തിൽ ആണ്ടുപോകും.’ അയാൾ സംശയഭാവത്തോടെ മീരയെ നോക്കി. ഇടയ്ക്ക് വന്നു പോകുന്ന മടുപ്പൊഴിച്ചാൽ, തന്റെ ജീവിതം സ്വതന്ത്രമായിരുന്നു. പക്ഷേ, മീരയുടെ കത്ത് തന്റെ ജീവിതത്തിന്റെ എല്ലാ ആദർശങ്ങളെയും തിരുത്തി എഴുതിയിരിക്കുകയാണ്. പ്രതീക്ഷയ്ക്ക് സ്ഥാനമില്ലാത്ത ഈ അവസരത്തിൽ മനസ്സ് അനുസരണക്കേടുകൾ കാണിക്കാൻ മുതിരുകയാണ്, പക്ഷേ….
‘ആനന്ദിന്റെ ദിവസങ്ങൾ ബാക്കിയുള്ളതിൽ ഒരു പങ്ക് എനിക്ക് തരുമോ?’ അയാളുടെ ചിന്തകളെ ഭേദിച്ചുകൊണ്ട് മീരയുടെ ചോദ്യം വന്നു. ‘ ഇറ്റ് ഈസ് ഇല്ലോജിക്കൽ മീരാ, അത് മനസ്സിലാക്കാനുള്ള പ്രായവും പക്വതയും തനിക്കുണ്ട്.’ ആനന്ദ് ഭാവഭേദം വരുത്താതെ സ്വയം തടയാൻ ശ്രമിച്ചു.
‘ എന്താണ് പക്വത ആനന്ദ്? ഒരു ജന്മത്തിൽ കിട്ടാനുള്ള ഏക സന്തോഷം ഉപേക്ഷിക്കലോ?’ അവൾ ദീർഘനിശ്വാസമയച്ചു കൊണ്ട് തുടർന്നു. ‘പൊള്ളയായ തടി തീരം തേടാറില്ല, ഒഴുകികൊണ്ടിരിക്കുകയാണ് പതിവ്. പക്ഷേ, എന്നെങ്കിലും വീണു ചിതറുമ്പോൾ ഏതെങ്കിലും പാളിയിൽ കോറിയിട്ട ഒരു ചിത്രമുണ്ടാവാൻ അതും കൊതിക്കുന്നുണ്ടാവും.’ അവൾ തലതാഴ്ത്തി.
‘മീരാ….’ അയാൾ പറയാൻ തുടങ്ങിയത് മുഴുമിപ്പിക്കാൻ അവൾ സമ്മതിച്ചില്ല.
‘ വേണ്ട ആനന്ദ്, എന്നെ ആശ്വസിപ്പിക്കേണ്ട ആവശ്യമില്ല.’ അവൾ ആനന്ദിന്റെ കണ്ണുകളിലേക്ക് നോക്കി. അതിൽ പടർന്നു കൊണ്ടിരിക്കുന്ന മരവിപ്പ് അയാളെ കൂടുതൽ അലോസരപ്പെടുത്തി. അവ നിറഞ്ഞൊഴുകിയിരുന്നെങ്കിൽ ചിലപ്പോൾ തനിക്കൊരു ആശ്വാസം കിട്ടിയേനെ.
‘ മനസ്സിന്റെ ചാഞ്ചല്യം എനിക്കുമുണ്ട് മീരാ, പക്ഷേ, മുറിവുകൾ കൊണ്ട് തന്നെ അടയാളപ്പെടുത്തി കടന്നുപോകുന്നതിനോട് മസ്‌തിഷ്കം വിയോജിപ്പ് പ്രകടിപ്പിക്കുന്നു.’ ആനന്ദ് പറഞ്ഞു. ‘എന്നെന്നേക്കുമായുള്ള ചില അടയാളപ്പെടുത്തലുകൾ മുറിവുണ്ടാക്കാതെ സാധ്യമാകുമെന്ന് കരുതുന്നത് മണ്ടത്തരമാണ്. വേദന തീവ്രമാകുന്നത് അനുഭവങ്ങളെ വികാരങ്ങളിലൂടെ കാണുമ്പോഴാണ്. അനുഭവങ്ങളിൽ നിന്ന് വികാരങ്ങളെ വേർപെടുത്തിയാൽ ഓർമ്മകൾ മാത്രം ബാക്കി. ആ വേർപെടുത്തലിന് വേണ്ട സമയം വേദന അനുഭവിച്ചേ മതിയാകൂ. ഈ ഒരനുഭവത്തിനു വേണ്ടി, ഈ ഓർമ്മകൾക്ക് വേണ്ടി, ആ വേദന സഹിക്കാൻ ഞാൻ തയ്യാറാണ്. ‘ മീരയുടെ വാക്കുകളിൽ അവളുടെ തീരുമാനം വ്യക്തമായിരുന്നു. മറിച്ചൊരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ട്, പക്ഷേ അതോർക്കുമ്പോൾ ഹൃദയത്തിലെവിടെയോ ഒരു വേദന. എന്താണ് തന്നെ വലിഞ്ഞു മുറുകുന്നതെന്നറിയാനെന്നപോലെ അയാൾ മീരയുടെ മുഖത്ത് കണ്ണുകൾ കൊണ്ട് പരതി. അർത്ഥമില്ലെങ്കിലും, ആനന്ദ് തന്റെയും മീരയുടെയും ജീവിതത്തെ തുലനം ചെയ്തു പോയി. ഒരർത്ഥത്തിൽ ഭൂതവും ഭാവിയും പരസ്പരം കൈമാറിക്കൊണ്ടിരിക്കുകയാണ് തങ്ങൾ ഈ നിമിഷത്തിൽ വെച്ച്. സ്വതന്ത്രമായ തന്റെ ആത്മാവിനെ അവളിലേക്ക് ബന്ധിപ്പിക്കുകയും, ബന്ധിപ്പിക്കപ്പെട്ട അവളുടെ ആത്മാവിനെ മോചിപ്പിക്കാനുമായി കാലം കാത്തുവെച്ചതാകണം ഈ ഒരു ദിവസത്തെ. വിധിയെ തടുക്കാൻ ഞാനാര്? അയാളുടെ മുഖത്ത് പ്രസ്ന്നത നിറഞ്ഞു.
ആനന്ദിന്റെ പെട്ടന്നുള്ള ഭാവവ്യത്യാസം അറിഞ്ഞെങ്കിലും മീര അതെക്കുറിച്ച് അന്വേഷിച്ചില്ല. അവൾ സ്വന്തം ഹൃദയത്തിന്റെ മാറിയ താളത്തിന് കാതോർക്കുകയായിരുന്നു.
അയാൾ പതുക്കെ മീരയുടെ മുഖത്ത് നിന്നും കണ്ണുകളെടുത്ത്, ദീർഘനിശ്വാസമെടുത്തു. കുറച്ച് നേരം നിലത്ത് നോക്കിയിരുന്ന ശേഷം പതുക്കെ കുനിഞ്ഞ് വീണുകിടക്കുന്ന ഒരു ചുവന്ന പൂവ് കയ്യിലെടുത്തു. പോക്കറ്റിൽ കിടക്കുന്ന പാർക്കർ പേനയെടുത്ത് മൂടി തുറന്നു. അതിന്റെ വായ്ഭാഗം പൂവിന്റെ ഇതളിൽ അമർത്തി ഒരു വട്ടം മുറിച്ചെടുത്തു. എന്താണ് ചെയ്യുന്നത് എന്ന് ഊഹിക്കാൻ മീര ശ്രമിച്ചില്ല. താൻ ഈ ദിവസത്തിന് പരിപൂർണമായും കീഴടങ്ങിയതാണ്. ഇനി വിലയിരുത്തലുകൾക്ക് പ്രസക്തിയില്ല. ആനന്ദിന്റെ വലതുകൈ തന്നിലേക്ക് നീളുന്നത് അവൾ ഭാവഭേദമില്ലാതെ നോക്കി. അയാൾ മീരയുടെ ശൂന്യമായ നെറ്റിയുടെ മധ്യത്തിൽ അത് അമർത്തിവെച്ചു. ചുവന്ന വട്ടപ്പൊട്ട്. ആനന്ദ്, തന്റെ കണ്ണുകളിൽ നിന്നും കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന മീരയുടെ മുഖത്ത് നോക്കി. പൂർണത. രണ്ട് അപൂർണതകളുടെ പൂർണത.
5
രണ്ടു ദിവസം കഴിഞ്ഞു രാവിലെ ആനന്ദിന്റെ ഫോൺ വന്നു. ‘ മീരാ, ഇവിടേക്ക് വരൂ. നമുക്കൊരിടം വരെ പോകാനുണ്ട്.’ മാസത്തിലുള്ള ചെക്കപ്പിന് പോകാനായാണ് അയാൾ വിളിച്ചതെന്ന് കാറിൽ കയറിയപ്പോഴാണ് അറിഞ്ഞത്. സിറ്റി മെട്രോ ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഡോ. രഘുനന്ദൻ അവരെ ഹൃദ്യമായി വരവേറ്റു.
‘ഹായ് മീരാ, ആനന്ദ് ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു തന്നെക്കുറിച്ച്. നേരിൽ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. ‘ അദ്ദേഹം പ്രസന്നമായ പുഞ്ചിരിയോടെ അറിയിച്ചു.
‘ എനിക്കും അങ്ങനെ തന്നെ ഡോ. രഘു.’ അവൾ വീനീതമായി പറഞ്ഞു.
ആനന്ദിനെ വിവിധ ടെസ്റ്റുകൾക്കായി പറഞ്ഞയച്ച ശേഷം രഘുനന്ദൻ മീരയുടെ പക്കൽ ചെന്നിരുന്നു. ‘മീരാ, തനിക്ക് ആനന്ദിന്റെ രോഗാവസ്ഥയെക്കുറിച്ച് കൂടുതൽ അറിയണമെന്നില്ലേ?’ ആ ചോദ്യം പ്രതീക്ഷിച്ചിരുന്ന അവൾ പുഞ്ചിരിച്ചു. ‘ ഇല്ല. അത് അറിയാതിരിക്കുന്നതല്ലേ ഭേദം?’
‘ ഒരുപക്ഷേ ആയിരിക്കാം. എന്നാലും താനത് അറിയണം എന്ന് ആനന്ദ് ആഗ്രഹിക്കുന്നു.’ സുഹൃത്തിന്റെ അഅഭിപ്രായം അദ്ദേഹം മറച്ചുവെച്ചില്ല. ‘ശരി, ആനന്ദ് അതാഗ്രഹിക്കുന്നുവെങ്കിൽ ഡോക്ടർ പറഞ്ഞോളൂ. എനിക്ക് കൂടുതലൊന്നും അറിയില്ല. ക്യാൻസർ ആണെന്ന് പത്രത്തിലൊക്കെ വായിച്ചിരിക്കുന്നു. അത്ര തന്നെ. നേരിട്ടൊന്നും ചോദിച്ചിട്ടില്ല, അദ്ദേഹം പറഞ്ഞിട്ടുമില്ല’. അവളുടെ മുഖത്ത് അപ്പോഴും പ്രസന്നത നിലനിന്നിരുന്നു.
‘ അതെ, മൂന്ന് വർഷം മുൻപാണ് കണ്ടെത്തിയത്. പാൻക്രിയാറ്റിക് ക്യാൻസർ. ഇറ്റ് ഈസ് വൺ ഓഫ് ദി സൈലന്റ് കില്ലേഴ്‌സ്. തുടക്കത്തിൽ ചികിത്സിച്ചു ഭേദമാക്കാവുന്നതാണ് പക്ഷേ, നിർഭാഗ്യവശാൽ മിക്ക രോഗികളിലും ആ അവസ്ഥയിൽ ലക്ഷണങ്ങളൊന്നും തന്നെ ഉണ്ടാവില്ല. പിന്നെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോഴേക്കും ചികിത്സകൾകൊണ്ട് പ്രയോജനമില്ലാത്ത അവസ്ഥയിൽ എത്തിയിട്ടുണ്ടാവും. ‘ ഡോക്ടർ ഒന്ന് നിർത്തിയശേഷം മീരയെ നോക്കി. ‘ ആനന്ദിന് ആദ്യമായുണ്ടായത് വയറിന്റെ മേൽഭാഗത്തുള്ള അസഹ്യമായ വേദനയാണ്. പ്രോഗ്രസ്സ്ഡ് ആയ സ്റ്റേജ് ആയിരുന്നു. അന്നത്തെ അവസ്ഥ വെച്ച് കണക്കാക്കിയാൽ മൂന്നോ നാലോ വർഷം അത്രയേ സമയം ബാക്കിയുണ്ടായിരുന്നുള്ളു. അതിൽ മൂന്ന് വർഷം ഇപ്പോൾ തന്നെ തീർന്നു കഴിഞ്ഞു. ‘ രഘുനന്ദൻ മീരയുടെ മുഖത്ത് നിന്നും കണ്ണെടുത്ത് പുറത്തേക്ക് നോക്കി. അവൾ ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു. മരവിപ്പ്. പ്രതീക്ഷിച്ചതിലപ്പുറമൊന്നും ഡോക്ടർ പറഞ്ഞിട്ടില്ല, എന്നിട്ടും അവ്യക്തമായിക്കിടന്ന യാഥാർഥ്യം വ്യക്തമായി മുൻപിൽ വന്നു നിന്നപ്പോൾ മനസ്സ് താനറിയാതെ പതറി. അറിഞ്ഞതിൽ നിന്നൊരു തിരിച്ചുപോക്ക് സാധ്യമല്ലല്ലോ. ഒന്നും അറിയാതിരുന്നെങ്കിൽ!അവൾ ദീർഘനിശ്വാസമയച്ചു.
‘ ഇങ്ങനെ ഒരവസ്ഥയുണ്ടാകാൻ കാരണമെന്താണ്?’ കാരണങ്ങളെ തിരുത്താനുള്ള സമയം തെറ്റിയാലും അതിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ നിലയ്ക്കാറില്ല. കണ്ടെത്തപ്പെട്ടിട്ടുള്ള കാരണങ്ങളിൽ സുപ്രധാനമായ ഒന്ന് സ്‌മോക്കിങ് ആണ്. ആളുടെ ശീലങ്ങളെപ്പറ്റി മീരയ്ക്ക് എത്രത്തോളം അറിവുണ്ടെന്നറിയില്ല.’
ആനന്ദിന്റെ കയ്യിലെ സിഗാറിന്റെ പാക്കറ്റും സ്റ്റീൽ നിറത്തിലുള്ള ലൈറ്ററും അവളുടെ മനസ്സിൽ തെളിഞ്ഞു. അവൾ ഇടത്തെ കയ്യുടെ ഇരുവിരലുകൾ കൊണ്ട് നെറ്റിയിൽ അമർത്തി.
‘ എന്തെങ്കിലും ഒരു വഴി ഉണ്ടാവില്ലേ, സമയം നീട്ടി കിട്ടാനെങ്കിലും?’ അവളുടെ വാക്കുകളിൽ പ്രതീക്ഷയും നിരാശയും ഒരുമിച്ചു. ‘ ഇല്ല, മാർഗ്ഗമൊന്നും തന്നെ ഇന്ന് നിലവിലില്ല. ബീ റിയലിസ്റ്റിക് മീരാ.’ രഘുനന്ദൻ അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.
തിരിച്ചുള്ള യാത്രയിൽ മീര മൂകയായിരുന്നു. അവളുടെ മുഖത്ത് ഗൗരവം നിറഞ്ഞു നിന്നു. കുറച്ചു നേരം അവളെ അവളുടെ ചിന്തകൾക്കായി വിട്ടുകൊടുക്കണം എന്ന് ആനന്ദിന് തോന്നി. പകുതിദൂരം പിന്നിട്ടിട്ടും അവളൊന്നും മിണ്ടാതിരുന്നപ്പോൾ അയാൾ സംസാരത്തിന് തുടക്കമിട്ടു. ‘ നീയത് അറിയണം എന്ന് എനിക്ക് തോന്നി. ‘ പുറത്തേക്ക് നോക്കിയിരുന്ന അവൾ മുഖം തിരിച്ച് അയാളെ നോക്കി. അവളുടെ നിസ്സംഗമായ ഭാവം അയാളെ അത്ഭുതപ്പെടുത്തി. ‘ അറിഞ്ഞത് കൊണ്ട്? അറിഞ്ഞത് കൊണ്ട് എന്ത് പ്രയോജനമുണ്ടാകുമെന്നാണ് ആനന്ദ് കരുതിയത്? ആനന്ദിന് ഞാൻ ഒരു ബാധ്യതയാവുമെന്ന പേടിയുണ്ടോ?’ അവളുടെ മുഖം കൂടുതലൊന്നും വെളിപ്പെടുത്തിയില്ലെങ്കിലും വാക്കുകളിലെ നീരസവും നിരാശയും വ്യക്തമായിരുന്നു. അയാൾ നിഷേധാർത്ഥത്തിൽ തലയാട്ടി.
‘എല്ലാം അറിഞ്ഞ ശേഷം നീ ഇനി വരില്ല എന്ന തീരുമാനമെടുത്താൽ ഞാനത് പൂർണ മനസ്സോടെ സ്വീകരിക്കും. മറിച്ചാണെങ്കിൽ, യൂ ഷുഡ് ബി പ്രിപയേർഡ് ഫോർ വാട്ട് ഈസ് റ്റു കം. നിന്നെ ഇരുട്ടിൽ നിർത്താൻ ഞാനൊരിക്കലും ആഗ്രഹിക്കില്ല മീരാ.’ അയാൾ ഇത്രെയും സത്യസന്ധത കാണിക്കാതിരുന്നെങ്കിൽ എന്ന് അവൾക്ക് തോന്നി. ‘ ഒന്നും അറിയാതെ വന്നതല്ലല്ലോ ഞാൻ. ആനന്ദിന് എന്തിനെക്കുറിച്ചാണ് സംശയം? എന്റെ പ്രണയത്തെക്കുറിച്ചോ അതോ തീരുമാനങ്ങളെടുക്കാനുള്ള പക്വതയെക്കുറിച്ചോ?’ അവളുടെ ചോദ്യത്തിൽ തീക്ഷ്ണത ഇല്ലാതിരുന്നിട്ടും അതയാളെ പൊള്ളിച്ചു. ‘ ഞാൻ അതൊന്നും ഉദ്ദേശിച്ചല്ല….’ അയാൾ അസ്വസ്ഥനായി. ‘പിന്നീടെന്തിനാണ് ഈ പിന്തിരിപ്പിക്കാനുള്ള ശ്രമം?’ അവൾ ആനന്ദിന്റെ കണ്ണുകളിലേക്ക് നോക്കി. ‘ പിന്നീട് എനിക്കൊരു കുറ്റബോധം തോന്നാതിരിക്കാൻ.’ അയാൾ താഴ്ന്ന ശബ്ദത്തിൽ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു.
‘ മനസ്സിലെ സ്നേഹത്തേക്കാൾ ആനന്ദിന്റെ കുറ്റബോധത്തിനാണ് തൂക്കം കൂടുതൽ അല്ലേ?’ അവളുടെ സ്വരത്തിൽ നിറഞ്ഞു നിന്നത് പരിഹാസമാണെന്ന് അയാൾക്ക് തോന്നി. ചെയ്തത് തെറ്റോ ശരിയോ എന്ന് വിലയിരുത്താനാകില്ല. അവൾ കാര്യങ്ങൾ അറിയിക്കുക എന്നത് തന്റെ ശരി, അതിനെക്കുറിച്ച് അന്വേഷിക്കാതിരിക്കുക എന്നത് അവളുടെ ശരി! എത്ര പെട്ടന്നാണ് ശരിതെറ്റുകൾ തങ്ങൾക്കിടയിലൊരു അകലം സൃഷ്ടിച്ചത്. ആ വിടവ് നികത്താൻ മനസ്സിലെ നിഘണ്ഡുവിൽ നിന്ന് ചികഞ്ഞെടുത്ത വാക്കുകൾ പോരായ്കയായി വന്നിരിക്കുകയാണ്. മുൻപൊരിക്കലെ ഇതുപോലൊരു അവസരം ഉണ്ടായിട്ടുള്ളു. വിവാഹം വേണ്ടെന്ന് വെച്ചപ്പോൾ. അന്ന് ചോദ്യങ്ങളെ നേരിടുന്നതിൽ നിന്ന് രക്ഷപ്പെടാനായാണ് വിദേശത്ത് ജോലി നോക്കി വീടുവിട്ടിറങ്ങിയത്. ഇന്നും അവളുടെ ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെടുക എന്ന ഒരു മാർഗ്ഗമേ തനിക്ക് മുൻപിലുള്ളൂവെന്ന് അയാൾക്ക് തോന്നി.
‘മീരാ, എവിടെയാണ് ഞാൻ മീരയെ കൊണ്ടു വിടേണ്ടതെന്ന് പറയൂ.’ അയാൾ അന്വേഷിച്ചു.
‘ഇതാണോ ആനന്ദിന്റെ ഉത്തരം? ഐ തോട്ട് യൂ ആർ എ ബ്രേവ് മാൻ!’ മീരയുടെ സംസാരം അയാളെ അലോസരപ്പെടുത്തിയെങ്കിലും അയാൾ സംയമനം പാലിച്ചു. രഘുനന്ദനെ കണ്ടു കഴിയുമ്പോൾ അവളുടെ മനസ്സ് പ്രക്ഷുബ്ധമാവുമെന്നുള്ളത് പ്രതീക്ഷിച്ചത് തന്നെയാണ്. പക്ഷേ, അവളുടെ പ്രതികരണം താൻ പ്രതീക്ഷിച്ചത് പോലെ വിഷാദത്തിലോ കരച്ചിച്ചിലിലോ കലാശിച്ചത്. അവൾക്ക് തന്റെ തീരുമാനത്തത്തോട് തികഞ്ഞ പുച്ഛമാവും തോന്നുകയെന്ന് ആര് ഊഹിച്ചു! അവളോട് പ്രതികരിക്കേണ്ടത് എങ്ങനെയെന്ന് അറിയും വരെ കൂടുതലൊന്നും പറയാതിരിക്കുകയാണ് നല്ലത്.
‘ ആനന്ദ് കൂടുതലൊന്നും ആലോചിച്ചു കൂട്ടണ്ട. ഞാൻ എവിടെയും പോകുന്നില്ല. ഞാൻ ആനന്ദിനെ പ്രണയിക്കുന്നു, ആനന്ദ് എന്നെയും. അതിനപ്പുറത്തേക്ക് നാളെയെക്കുറിച്ച് എനിക്ക് ആശങ്കകളില്ല. ഇനി നാട്ടിൽ ബാക്കിയുള്ള അത്രയും ദിവസം ഞാൻ ആനന്ദിനൊപ്പമുണ്ടാവും. ആ വീട്ടിൽ. എതിർക്കാനോ പിന്തിരിപ്പിക്കാനോ നോക്കണ്ട.!’ മീരയുടെ പ്രസ്താവന അയാളെ അമ്പരപ്പിച്ചു. മറ്റൊരാളെക്കൂടി കണക്കിലെടുത്തുകൊണ്ട് തീരുമാനങ്ങളെടുക്കുന്നതിൽ താൻ തികഞ്ഞ പരാജയമാണ് എന്നും. മനസ്സിൽ സന്തോഷത്തോടൊപ്പം നീറുന്ന ഒരു വേദന. പതിയെ അയാളുടെ ചുണ്ടിൽ ചിരി വിരിഞ്ഞു.
6
പിറ്റേന്ന് സൂര്യനുദിക്കും മുൻപ് ആനന്ദിന്റെ മുറിയിലെ ജനാല തള്ളിത്തുറന്നത് മീരയാണ്.
അകത്തേക്ക് കയറാൻ കാത്തിരുന്ന തണുത്തകാറ്റ് അവളെ പുൽകിക്കൊണ്ട് കടന്നു വന്നു. അരണ്ട വെളിച്ചത്തിൽ തെളിഞ്ഞ ഗുൽമോഹർ വൃക്ഷവും കീഴെയുള്ള ബെഞ്ചും മീരയുടെ ചുണ്ടിൽ പുഞ്ചിരി വിരിയിച്ചു. മനുഷ്യരുടെ ലോകം പുനർജ്ജനിക്കാൻ ഒരേയൊരു നിമിഷം മതി. പ്രണയം മനസ്സിനെ തൊടുന്ന ആ ഒരു നിമിഷം. മറ്റൊന്നും കൊടുക്കാനോ കിട്ടാനോ ഇല്ലെന്നറിഞ്ഞുകൊണ്ട് തന്നെ പ്രണയിക്കണം. അല്ലാത്തതൊക്കെ വേറെ എന്തൊക്കെയാ ആണ്. തലേന്ന് രാത്രി ആനന്ദിന്റെ നെഞ്ചിൽ തലചായ്ച്ചു കിടക്കുമ്പോഴത്രയും മനസ്സിലത്രയും അതുമാത്രമായിരുന്നു ചിന്ത.
ജനാലയഴിയിൽ പിടിച്ച തന്റെ കൈയ്ക്ക് മീതെ പരുക്കൻ കൈ മുറുകിയപ്പോൾ അവൾ പുഞ്ചിരിച്ചുകൊണ്ട് തലതിരിച്ചു. ഒരു കയ്യിൽ രണ്ടുകപ്പ് കോഫിയുമായി നിൽക്കുന്ന ആനന്ദിൽ നിന്നും ഒന്ന് വാങ്ങി അവൾ ചുണ്ടോട് ചേർത്തു. അയാൾ ജനാലയുടെ മറുപാതിയിലേക്ക് ചാരി. ‘ എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ പ്രഭാതമാണ് ഇന്ന്. അതിന് നിന്നോടെങ്ങനെ നന്ദി പറയണം എന്നറിയില്ല.’ അയാൾ ആർദ്രമായ കണ്ണുകളോടെ മീരയെ നോക്കിയതിനു ശേഷം പൂത്തുനിൽക്കുന്ന പ്രഭാതത്തിലേക്ക് കണ്ണോടിച്ചു. ‘ ഗുൽമോഹർ! ആത്മവിശ്വാസത്തിന്റെ, ആഗാധമായ ആഗ്രഹത്തിന്റെ, വ്യക്തതയാർന്ന ബോധ്യപ്പെടലുകളുടെ പ്രതീകം. തനിക്ക് അർഹിക്കുന്നതെന്ന് തോന്നുന്നതിനെ പിന്തുടരാൻ, ശക്തമായ തീരുമാനങ്ങളെടുത്ത് സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന മഹാവൃക്ഷം!ഈ വസ്തുതകളൊക്കെ കണക്കിലെടുത്താൽ, എല്ലാ അർത്ഥത്തിലും നീ തന്നെയാണ് എന്റെ അന്തരംഗത്തിൽ വീണു കിളിർത്ത ഗുൽമോഹർ.’ അയാൾ മീരയെ ചേർത്തുപിടിച്ചു. കണ്ണുകളുടെ പിറകിലെവിടെയോ നിന്ന് ഒരു നീർത്തുള്ളി പുറപ്പെടുന്നതറിഞ്ഞു അതിനെ പിന്തിരിപ്പിക്കാനായി മീര കാപ്പി ചുണ്ടോട് ചേർത്തു. ‘സാഹിത്യത്തിന്റെ ഫിൽറ്ററിൽ അരിച്ച മോർണിംഗ് കോഫി.’ പുഞ്ചിരിച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ അവളുടെ കൺകോണിൽ നനവ് തിളങ്ങി നിന്നു.
ആനന്ദിന്റെ മറുകയ്യിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന സിഗാറിലേക്ക് കണ്ണോടിച്ചു കൊണ്ട് അവൾ ചോദിച്ചു. ‘ ഇത് നിർത്തിക്കൂടെ?’ അയാൾ പുഞ്ചിരിച്ചു. ‘ ഇത് നിർത്തിയത് കൊണ്ട് ഞാൻ ചിരഞ്ജീവിയായിത്തീരുമെന്ന് മീരയ്ക്ക് തോന്നുന്നുണ്ടോ?’ ആ ചോദ്യത്തെ ചെറുത്ത് നിൽക്കാനാവാതെ അവൾ മുഖം തിരിച്ചു.
‘ ഇല്ല ‘. നിശ്ചയിക്കപ്പെട്ട സമയത്തിൽ ഇനിയൊരു നിയന്ത്രണരേഖ വരച്ചിടാൻ പ്രേരിപ്പിച്ച് അയാളെ കൂടുതൽ അസ്വസ്ഥനാക്കുന്നതിൽ അർത്ഥമില്ലെന്ന് അവൾക്കും തോന്നി. ‘മറ്റെന്തെങ്കിലും ആവശ്യപ്പെടാനുണ്ടെങ്കിൽ ചോദിക്ക്. ‘ അവൾ ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി. ഒരാൾക്ക് നൽകാൻ സമയത്തെക്കാൾ വിലപിടിപ്പുള്ള മറ്റു സമ്മാനങ്ങളൊന്നും തന്നെയില്ല. അത് ആനന്ദ് തനിക്ക് തന്നു കഴിഞ്ഞു. മറ്റെന്തിന്റെയും പോലെ ബന്ധങ്ങളുടെയും വിധി നിർണയിക്കുന്നത് കടന്നു പോകുന്ന സമയം തന്നെയാണ്. പക്ഷേ,സമയം എപ്പോഴും ഒരുപോലെയല്ല ചലിക്കുന്നത്. മനസ്സിന്റെ അവസ്ഥ പോലെയാണ്. അത്യധികം ആഹ്ലാദത്തോടെയിരിക്കുന്ന സമയം ശരവേഗത്തിൽ പറന്നകലുന്നു.
രണ്ടു മെയ് മാസങ്ങൾ പിന്നെയും വന്നു. മീരയും ആനന്ദും തമ്മിലുള്ള കൂടിക്കാഴ്ചകൾക്ക്, വിധി സമയം നീട്ടിക്കൊടുത്തു. ‘ മീരാ നമുക്കൊരു യാത്ര പോകാം.?’ രണ്ടാമത്തെ വരവിന് ആനന്ദ് ചോദിച്ചു. ‘ പ്രത്യേകിച്ച് ഏതെങ്കിലും സ്ഥലം മനസ്സിലുണ്ടോ?’. അവൾ അന്വേഷിച്ചു.
‘ രാമേശ്വരം. രാമൻ സീതയെ അന്വേഷിച്ചെത്തിയ ഭൂമിയുടെ ഒരറ്റം. The bridge to love from a dead end. എത്ര സന്ദർശിച്ചാലും മതിവരാത്ത ഒരു സ്ഥലം. നിന്നോടൊപ്പം സന്ദർശിച്ചാൽ അതാവും സ്വർഗം. ഈ ജന്മത്തിലെ ബാക്കി പാപങ്ങളും കഴുകിക്കളയാം.’ അയാൾ ഒരു സ്വപ്‌നം കണ്ടുതുടങ്ങിയത് പോലെ പറഞ്ഞു.
ഒരുക്കങ്ങളൊക്കെ പൂർത്തിയായി പക്ഷേ യാത്രതിരിയ്ക്കുന്നതിന്റെ തലേദിവസമാണ് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് വീണ്ടും ആനന്ദിനെ തിരഞ്ഞു വന്നത്. അതിന്റെ ആഘോഷങ്ങൾക്കിടയിൽ നിന്നും ഒഴിഞ്ഞുമാറി യാത്ര തിരിക്കാൻ ആനന്ദ് ആഗ്രഹിച്ചെങ്കിലും മീര അനുവദിച്ചില്ല.
‘ സാരമില്ല ആനന്ദ്, വിഷമിക്കേണ്ട. നമുക്ക് അടുത്ത തവണ പോകാം.’ അവൾ അശ്വസിപ്പിച്ചു. ‘ അടുത്ത തവണ ‘. അയാൾ ദീർഘനിശ്വാസത്തോടെ പറഞ്ഞു. മീരയുടെ ആ വരവ് ആനന്ദിന്റെ അവാർഡിന്റെ ശബ്ദകോലാഹലങ്ങൾക്കിടയിൽ ചിതറിപ്പോയി. സദാ കൂടെയുണ്ടായിട്ടും വീണ്ടും ആനന്ദിനോടൊപ്പമുള്ള ഒരിത്തിരി ഒഴിവുസമയത്തിനു വേണ്ടി അവൾ കൊതിച്ചു.
അവൾ തിരിച്ചു പോയത് വിങ്ങുന്ന ഹൃദയവുമായാണ്. ‘ മീരാ, അടുത്ത മെയ് മാസം വേഗം വരാൻ പ്രാർത്ഥിക്കൂ.’
അവളെ മുറുകെ പുണർന്ന് യാത്ര പറയുമ്പോൾ ആനന്ദിന്റെ കണ്ണുകളിൽ നനവ് പടർന്നു.
7
വീണ്ടും ഗുൽമോഹർ അങ്ങിങ്ങായി പൂത്തുതുടങ്ങുന്നു. ആനന്ദ് മുറിയിലെ ചാരുകസേരയിലിരുന്ന് പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ പുറത്തേക്ക് നോക്കി.
‘രഹേ നാ രഹേ ഹം മെഹകാ കരേംഗേ
ബൻകേ കലി ബൻകേ സബാ
ബാഗേ വഫാ മേം…’
മേശപ്പുറത്തിരുന്ന റെക്കോർഡർ ഒരു പഴയ ഹിന്ദി ഗാനം പാടിക്കൊണ്ടിരുന്നു. ഒരു മഹാരോഗത്തിന്റെ തീരുമാനങ്ങളെ അവഗണിച്ച ആ സ്വപ്നസഞ്ചാരിയുടെ ദിവാസ്വപ്നത്തെ ഭേദിച്ചു കൊണ്ട് വാതിൽക്കൽ ഒരു പരുക്കൻ ചിരി ഉയർന്നു.
‘ റാം, താനെന്താ അവിടെ തന്നെ നിന്നു കളഞ്ഞത്?’ ആനന്ദ് പുഞ്ചിരിയോടെ സുഹൃത്തിനെ വരവേറ്റു.
‘ ഞാൻ വന്നിട്ട് കുറച്ചു നേരമായി. ദി സ്വീറ്റ് റെവെറീസ് ഓഫ് യുവർ ലവർ ഹാഡ് ടേക്കൺ യൂ ടു സം അദർ ലാൻഡ്സ്. അതിൽ നിന്ന് തിരിച്ചു വരട്ടെ എന്ന് കരുതി. പക്ഷേ, അതിനിടയിൽ ഞാൻ നമ്മുടെ കോളേജ് കാലഘട്ടം ഓർത്തു പോയി. തനിക്ക് പ്രേമലേഖനം തന്ന മാധുരിയുടെ വീട്ടിൽ പോയി ആ കത്ത് അവളുടെ അച്ഛന്റെ കയ്യിൽ ഏൽപ്പിച്ചതും, അയാൾ ആ പാവത്തിനെ പഠിത്തം നിർത്തി പെട്ടന്ന് കല്യാണം കഴിപ്പിച്ചയച്ചതും ഒക്കെ. അതോർത്ത് ചിരിച്ചു പോയതാണ്.’ ആനന്ദും പൊട്ടിച്ചിരിച്ചു.
റാം അകത്തേക്ക് കടന്ന് കട്ടിലിൽ കാൽ കയറ്റിവെച്ച് ആനന്ദിന് അഭിമുഖമായി ഇരുന്നു. ‘ എടോ തന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് വർഷം എത്രയായി? കോളേജ് മാഗസിനിൽ വരുന്ന തന്റെ എഴുത്തുകൾക്ക് കാത്തിരിക്കാറുണ്ടായിരുന്ന പ്രണയപുളകിതരായ തരുണീമണികളെത്രെ, പ്രസിദ്ധസാഹിത്യകാരൻ ആനന്ദിന്റെ ആരാധികമാരെത്ര! എന്നിട്ട് അതിലൊന്നും മോഹം തോന്നാതെ, വർഷത്തിലൊരിക്കൽ വന്ന് കണ്ടു പോകുന്ന ഒരാൾക്ക് വേണ്ടിയുള്ള ഈ കാത്തിരിപ്പിന്റെ കെമിസ്ട്രി എനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല. അതും ഈ വൈകിയ വേളയിൽ. അതു മാത്രമല്ല, ഇത്രയൊക്കെ ചിന്തിക്കുന്ന താൻ ഇപ്പോഴത്തെ അവസ്ഥ വെച്ച് അറിഞ്ഞുകൊണ്ട് അയാൾക്കൊരു മനപ്രയാസത്തെ സമ്മാനിക്കുകയല്ലേ? അതാണ് എനിക്ക് ഒട്ടും മനസ്സിലാവാത്തത്.’ ആനന്ദ് പുഞ്ചിരിച്ചു. അയാളുടെ അവശത ബാധിച്ച മുഖത്തെ തിളക്കമുള്ള കണ്ണുകളിലെ പ്രകാശം റാമിനെ കഴിഞ്ഞ രണ്ട് വർഷമായി അത്ഭുതപ്പെടുത്തുകയാണ്. പത്തിരുപത്തെട്ട് വർഷങ്ങളായി താനറിയുന്ന ആനന്ദ് മറ്റൊരാളായി മാറിയിരിക്കുന്നു. അയാൾ വളരെ സന്തുഷ്ടനാണ്, ചിലപ്പോൾ അതുവരെ കണ്ടിട്ടില്ലാത്തത്ര ദുഖിതനും.
‘ അറിയാം റാം പക്ഷേ, ചിലതൊക്കെ മനസ്സിലാക്കാൻ ശ്രമിക്കാതിരിക്കുകയാണ് നല്ലത്, ഉത്തരം കിട്ടിയിട്ടെന്തിനാ? ‘ ആനന്ദ് തുടർന്നു. ‘പൂർത്തീകരിക്കപ്പെടാത്ത എന്തെങ്കിലും ജീവിതത്തിൽ ബാക്കിയുണ്ടെന്ന് തോന്നിയിട്ടില്ല, മീരയുടെ ആ കത്ത് വരുന്നത് വരെ. എന്നിലേക്കുള്ള വഴി തിരഞ്ഞെടുത്തതും എന്റെ ബാക്കി സമയം അവളുടേത് കൂടിയാക്കി മാറ്റിയതും അവളാണ്. നിയോഗമായിരിക്കാം, എനിക്ക് എതിർത്ത് നിൽക്കാൻ കഴിഞ്ഞില്ല. സംഭവിക്കേണ്ടതല്ലാത്ത ഒന്നും തന്നെ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നില്ല എന്നുള്ളതാണ് സത്യം, അതിനെ തടുക്കാൻ ഞാനാര്? ദൈവമോ? ആനന്ദിന് തന്റെ തീരുമാനങ്ങളെ ന്യായീകരിക്കണമായിരുന്നു, അവനവനോട് തന്നെ.
‘ഇത്രെയും കാലം ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ ആനന്ദ്. തനിക്ക് മുൻപും ഒരുപാട് സാധ്യതതകളുണ്ടായിരുന്നില്ലേ?’ റാം ഓർമിപ്പിച്ചു. ‘ ഉണ്ടായിരുന്നു, പക്ഷേ ഇത്രെയും കാലം ഞാൻ ദൈവമായിരുന്നില്ലേടോ, മരണമില്ലാത്ത ദൈവം!’ അയാൾ ദീർഘാനിശ്വാസമയച്ചു. ‘ ഇന്ന് ഞാൻ മനുഷ്യനാണ്. ജീവിക്കാൻ കൊതിക്കുന്ന ദുർബലനായ സാധാരണ മനുഷ്യൻ! ആകാശത്തോളം വളർന്ന ചില്ലകളിൽ നിന്നും വേരിലേക്കുള്ള മടക്കമാണെടോ മരണം. അതടുക്കുമ്പോൾ നാം മനുഷ്യരാണെന്ന ഓർമ്മപ്പെടുത്തൽ അനിവാര്യമാണ്. പ്രണയം പോലെ മനുഷ്യനെ മനുഷ്യനാക്കുന്ന മറ്റെന്തുണ്ട് റാം?’
ആനന്ദിന്റെ വാക്കുകളിലെ വേദന റാമിന്റെ ഹൃദയത്തിൽ തട്ടി ചിതറി. ‘തന്റെ മനസ്സിനെ കീഴ്പ്പെടുത്താൻ മാത്രം മീരയ്ക്ക് എന്താണ് പ്രത്യേകത ആനന്ദ്? എന്റെ കണ്ണിലൂടെ നോക്കുമ്പോൾ ഷീ ഈസ് ജസ്റ്റ് ആൻ ഓർഡിനറി വുമൺ.’ അയാൾക്ക് സന്തോഷം കൊടുക്കുന്ന വിഷയത്തിലേക്ക് സംസാരത്തിന്റെ ഗതി തിരിക്കാൻ റാം ശ്രമിച്ചു. ആ വിഷയം ഇപ്പോൾ മീര മാത്രമാണ്.
‘യെസ് റാം, ഷീ ഈസ് ആൻ ഓർഡിനറി വുമൺ ഹൂ ഹാസ് ചോസൺ ടു സ്റ്റേ ഇൻ ലവ് വിത്ത് എ ഡൈയിങ്ങ് മാൻ. അതിന് ധൈര്യം വേണമെടോ! ആൻഡ് ഐ ആം ഡ്രോൺ ടു ഹെർ വിത്ത് എവെരിതിങ് ദാറ്റ് ഈസ് ലെഫ്റ്റ് ഇൻ മീ. പ്രണയം എന്ന യുക്തിരഹിതവും മനോഹരവുമായ അനുഭവത്തിനായി കാലം എനിക്ക് വേണ്ടി കാത്ത് വെച്ചത് അവളെയാണ്. അതു തന്നെയാണ് അവളെ വ്യത്യസ്തയാക്കുന്നതും. ഈ ഹൃദയത്തിന്റെ താക്കോൽ അവളായിരുന്നിരിക്കണം!’ ആനന്ദ് കസേരയിലേക്ക് ചാരിക്കിടന്നു. ‘ ഡോക്ടർമാർ എഴുതിത്തള്ളിയിട്ടും മരുന്നും മന്ത്രവുമൊന്നുമല്ല എന്നെ ഇത്രെയും നാൾ ജീവിപ്പിച്ചത്. വർഷത്തിൽ വന്നുപോകുന്ന ആ വസന്തത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ് റാം. അന്ത്യം കണ്ടുകൊണ്ടിരിക്കുന്ന ഈ പുസ്തകം അതിനുള്ള തെളിവാണ്.’ അയാൾ മേശപ്പുറത്തിരിക്കുന്ന മഷിപുരണ്ട ഒരു കെട്ട് പേപ്പറുകളിലേക്ക് വിരൽ ചൂണ്ടി.
‘ ഇത്തവണ അവൾ വന്നു പോകുമ്പോൾ അത് പൂർത്തിയാവും. ഗുൽമോഹർ മനസ്സ് നിറഞ്ഞു പൂത്ത പ്രണയാർദ്രമായ മൂന്ന് വസന്തങ്ങൾ.’ അയാൾ ദീർഘ നിശ്വാസത്തോടെ കണ്ണുകളടച്ചു. ഗ്രാമഫോൺ അപ്പോഴും പാടിക്കൊണ്ടിരുന്നു.
മീര പെട്ടിയൊരുക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ ഫോൺ ബെല്ലടിച്ചു. നാട്ടിലേക്ക് തിരിക്കാൻ നാലു ദിവസം മാത്രം ബാക്കി. അതിന്റെ ആവേശത്തിൽ ഉറക്കം പോലും നഷ്ടപ്പെട്ടിരിക്കുന്നു. ഇപ്പോൾ തനിക്ക് ചുറ്റും നടക്കുന്നതൊന്നും തന്നെ ബാധിക്കുന്നില്ല. തന്റെ ലോകം ആ ഗുൽമോഹറിന്റെ ചുവട്ടിൽ കാത്തിരിക്കുന്നു. മീര ഫോണിന്റെ റിസീവറെടുത്ത് ചെവിയിൽ വെച്ചു. മറുതലയ്ക്കൽ നിന്നും ഒരു പുരുഷശബ്ദം പതുങ്ങി. ‘ മീരാ, ഞാൻ റാം. ആനന്ദിന്റെ സുഹൃത്ത് റാം മനോഹർ.’ ഒരു നിമിഷത്തിന് ശേഷം ഇടറിയ ആ സ്വരം വീണ്ടും ശബ്ദിച്ചു.
‘ മീരാ, ആനന്ദ് പോയി.’ ഒരു ഗദ്ഗദത്തിന് സമയം കൊടുത്ത് അയാൾ വീണ്ടും ഒരു രഹസ്യത്തിന്റെ അച്ചടക്കത്തോടെ പറഞ്ഞു.
‘ആനന്ദ് പോയി. ഗുൽമോഹർ വീണ്ടും പൂക്കാൻ കാത്ത് നിൽക്കാതെ.’ നിമിഷങ്ങളുടെ നിശ്ശബ്ദതയ്ക്ക് വിരാമമിട്ടുകൊണ്ട് മീര റിസീവർ തിരികെ വെച്ചു. കുറേ നേരം നിശ്ചലമായി നിന്നശേഷം അവൾ ലിവിങ് റൂമിൽ ചെന്നു ടാപ് തുറന്ന് തണുത്ത വെള്ളം കൊണ്ട് മുഖം കഴുകി. വാഷ്ബേസിനിന് മുകളിലുള്ള കണ്ണാടിയിൽ തെളിഞ്ഞ തന്റെ നെറ്റിയിലെ ഒലിച്ചിറങ്ങിയ കുങ്കുമത്തിന്റെ അവശേഷിപ്പുകളെ തുടച്ചുകളയുമ്പോൾ അവളുടെ കണ്ണുകളിൽ നിന്ന് വെള്ളമൊഴുകിത്തുടങ്ങി.
8
ആനന്ദിന്റെ വേർപാട് അപ്രതീക്ഷിതമല്ല. പക്ഷേ, താനാറിയാതെ എന്തൊക്കെയോ പ്രതീക്ഷകൾ നെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആ വാർത്ത വന്നത്. വല നെയ്യുന്നതിനിടയിൽ നൂൽ തീർന്ന ചിലന്തി എന്താവും ചെയ്യുക? അറിയില്ല! ആനന്ദിനെ അറിഞ്ഞു തുടങ്ങിയപ്പോൾ നടന്ന വഴികളത്രയും മായ്ഞ്ഞു പോയിരുന്നു. ഇപ്പോൾ ബാക്കി മുൻപോട്ടുള്ളതും. സമയത്തിന്റെ സൂചി ആനന്ദിനോടൊപ്പമുള്ള സമയത്തിൽ ചെന്നു നിലച്ചത് താൻ പോലും അറിയാതെയാണ്. ആ നിശ്ചലതയിൽ ആനന്ദ് തനിക്ക് ചുറ്റും നിലനിൽക്കുന്നു. അതിനപ്പുറത്തേക്ക് ലോകമില്ല. ശൂന്യത, ശൂന്യത മാത്രം.
മൂന്നു വസന്തങ്ങൾ കടന്നു പോയി. അത്രകാലം നീട്ടിക്കൊണ്ടുപോയ നാട്ടിലേക്കുള്ള യാത്ര അനിവാര്യമായി വന്നു. മനസ്സ് സ്വീകരിക്കാതെ മടക്കിയയച്ച മരണവാർത്ത കാത്തു കിടക്കുന്ന ആ വീട്ടിൽ പോകില്ലെന്ന് മനസ്സിലുറപ്പിച്ചിരുന്നതാണ്, പക്ഷേ കഴിഞ്ഞില്ല.
നാഥനില്ലാത്ത ആ വീടിന്റെയും പറമ്പിന്റെയും അവസ്ഥയെന്തായിരിക്കും? ചവലമൂടി ശ്മശാനം പോലെയായിരിക്കുമോ? കാത്തിരിക്കാൻ ആളില്ലാതെയായപ്പോൾ പ്രിയപ്പെട്ട ഗുൽമോഹറുകൾ പൂക്കാതിരുന്നിട്ടുണ്ടാവുമോ? അതോ ഇന്നവയ്ക്ക് പുതിയ അവകാശികൾ ഉണ്ടായിട്ടുണ്ടാകുമോ? മനസ്സിൽ ഒരുപാട് ചോദ്യങ്ങളുമായാണ് റാമിനെ വിളിച്ച് താൻ വരുന്ന വിവരം അറിയിച്ചത്.
ഗേറ്റ് തുറന്ന് അകത്തു കടന്ന് അവൾ ചുറ്റും നോക്കി. എല്ലാം പഴയത് പോലെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. വീടിന്റെ ഉമ്മറത്തും മുറ്റത്തും പറമ്പിലുമൊക്കെ ജുബ്ബയും മുണ്ടും ധരിച്ച ആനന്ദ് ഓടിനടക്കുന്നത് പോലെ. മീരയുടെ ഹൃദയം വിങ്ങി. അടക്കിവെച്ചിരുന്നതെന്തൊക്കെയോ പുറത്ത് ചാടാൻ വെമ്പുന്നത് പോലെ. ‘മീരാ…’ റാം മുറ്റത്തിറങ്ങി മീരയെ വരവേറ്റു വിശേഷങ്ങൾ കൈമാറി. ‘ മൂന്നു വർഷം!’ അയാൾ ദീർഘനിശ്വാസമയച്ചു. ‘ഉം.. മൂന്നു വർഷം.! ‘ പ്രതിധ്വനി പോലെ അവൾ തിരിച്ചു പറഞ്ഞു.
‘ ആനന്ദ് വലിയ ഉത്സാഹത്തിലായിരുന്നു ഞങ്ങൾ അവസാനം കാണുമ്പോൾ. മരിക്കുന്നതിന് ഒരാഴ്ച മുൻപ്. തന്നെ കാണാൻ ഒരു മാസം കൂടി കാത്തിരുന്നാൽ മതിയെന്ന ത്രിൽ. ഹീ വാസ് വെരി ഹാപ്പി.’ അയാൾ ഒന്ന് നിർത്തിയ ശേഷം തുടർന്നു. ‘ഗുൽമോഹർ നിൽക്കുന്നതിനടുത്ത് മതി അന്ത്യവിശ്രമം എന്ന് പറഞ്ഞേൽപ്പിച്ചിരുന്നു.’ ഒന്നും മിണ്ടാതെ അയാളെ നോക്കി തലയാട്ടിയ ശേഷം മീര അങ്ങോട്ട് നടന്നു.
അതേ സ്ഥലം, പക്ഷേ തനിച്ച് ആദ്യമായി അവിടെ ചെന്നു നിന്നപ്പോൾ മീരയ്ക്ക് വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടു. അവരുടെ പൂന്തോട്ടത്തിന് ശ്മശാനത്തിന്റെ മൂകത കൈവന്നിരിക്കുന്നു. ഈ വിശാലമായ പറമ്പിൽ നിൽക്കുമ്പോഴും ഡൽഹിയിലെ ജോലിസ്ഥലത്തെ ലിഫ്റ്റിൽ കുടുങ്ങിയ അതേ ശ്വാസംമുട്ടൽ. മീര ഗുൽമോഹറിന്റെ ചുവട്ടിലേക്ക് നീങ്ങി. കൊഴിഞ്ഞ ചുവന്ന പൂക്കൾക്കിടയിൽ ആറടി നീളത്തിൽ ഭൂമിയിൽ നിന്നുയർന്നു കിടക്കുന്ന തന്റെ ഹൃദയത്തിന്റെ മുറിവടയാളം. അവൾ മുട്ടുമടക്കി മണ്ണിൽ അതിനടുത്തിരുന്നു. ‘ ആനന്ദ്…’ വിളികേൾക്കുമെന്ന് പ്രതീക്ഷിച്ചത് പോലെ അവൾ പതുക്കെ വിളിച്ചു. നിശബ്ദത ഭേദിച്ചു കൊണ്ട് ഒരു തണുത്ത കാറ്റ് അവളുടെ മുടിയിഴകളിലൂടെ മുഖത്തേക്ക് പടർന്ന് കഴുത്തും മാറും കൈകളും തഴുകി കടന്നുപോയി. ഒരദൃശ്യ സാന്നിധ്യത്തെ തന്നോട് ചേർത്ത് അവൾ മുറുകെ പുണർന്നു. ഇന്നലെകൾക്ക് മീതെ പന്തലിച്ചു കിടക്കുന്ന ഗുൽമോഹർ വൃക്ഷത്തിലേക്ക് അവൾ മുഖമുയർത്തി നോക്കി. ഒരു ചുവന്ന പൂവ് അവളെ സാന്ത്വനിപ്പിക്കാനായി മുഖത്തേക്ക് പൊഴിഞ്ഞു. അതിനെ കയ്യിലെടുത്തു. നഷ്ടവസന്തത്തിന്റെ ചുവപ്പിന് അതേ കടുപ്പം!കണ്ണുകൾ നിറഞ്ഞു. അതോടൊപ്പം ഓർമ്മകളടക്കം ചെയ്ത മണ്ണിലേക്ക് മീര തല ചായ്ച്ചു. ആനന്ദിന്റെ അഭാവം ആദ്യമായി അവളനുഭവിച്ചറിഞ്ഞു. ഹൃദയത്തിലുണ്ടായ ദീർഘമായ വിള്ളലിലൂടെ തീവ്രമായ വേദനയുടെ കുത്തൊഴുക്കുണ്ടായി. അവൾ നിയന്ത്രണം വിട്ട് എങ്ങലടിച്ച് കരഞ്ഞു.
ഏറെ നേരം കഴിഞ്ഞു മീര വീട്ടുമുറ്റത്തെത്തിയപ്പോൾ റാം ഉമ്മറത്ത് കാത്തിരിപ്പുണ്ടായിരുന്നു. അവൾ അങ്ങോട്ട് കയറി. റാം കയ്യിലിരുന്ന ഒരു കെട്ട് പേപ്പറുകൾ അടങ്ങുന്ന ഫയലും ഒരു കത്തും മീരയ്ക്ക് കൈമാറി. ‘ഇത് എന്റെ ശ്രദ്ധയിൽ പെട്ടത് കഴിഞ്ഞാഴ്ചയാണ്. ആനന്ദിന്റെ ഓർമ്മയ്ക്കായി തനിക്കെന്തെങ്കിലും തരണമെന്ന് തോന്നി. ആ തിരച്ചിലിൽ കിട്ടിയതാണ്. ഇത് എഴുതി മുഴുമിപ്പിക്കാൻ ആനന്ദിന് കഴിഞ്ഞില്ല. മീര വന്നാലേ ഇത് പൂർത്തിയാകൂ എന്ന് പറഞ്ഞിരുന്നു. അവസാനം….’ മീര അയാളെ പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല. ‘ എന്നിട്ട് എന്തേ റാം ഇത്ര നാളും എന്നോടിത് പറഞ്ഞില്ല?’ അവളുടെ വാക്കുകളിൽ പരിഭവമുണ്ടായിരുന്നു. ‘താൻ ഇത്ര നാളും ഇങ്ങോട്ട് വരാത്തത് കൊണ്ട്. ആനന്ദില്ലാത്ത ഈ വീട്ടിലേക്ക് വരാൻ എനിക്കും ബുദ്ധിമുട്ടാണ് മീരാ. മരണശേഷം സാധനങ്ങളൊക്കെ ഭദ്രമായി സൂക്ഷിക്കണം എന്ന് ജോലിക്കാരെ പറഞ്ഞേൽപ്പിച്ചിരുന്നു. മീര വരുന്നെന്നു പറഞ്ഞപ്പോഴാണ് ഞാനും ഇത്രയും നാളുകൾക്ക് ശേഷം ആദ്യമായി ആ മുറിയിലേക്ക് കയറുന്നത്.’ അയാൾക്ക് പെട്ടന്ന് കുറ്റബോധം തോന്നി. ‘ റാം, ആനന്ദ് മരിച്ചത് ലോകത്തിനാണ്. എനിക്കങ്ങനെ കരുതാനാകില്ല. അങ്ങനെ കരുതിയാൽ ഒരു നിമിഷം പോലും എനിക്ക് ജീവിക്കാനാകില്ല.’ അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾ തലതിരിച്ചു ഗുൽമോഹറിന്റെ ചുവട്ടിലേക്ക് നോക്കി. ‘ മീരാ, ആനന്ദ് പോയി. ആൻഡ് യൂ ആർ സ്റ്റിൽ യങ്ങ്. നിങ്ങൾ പരസ്പരം പ്രണയിച്ചിരുന്നുവെന്നുള്ളത് സത്യമാണ്, പക്ഷേ, തന്റെ ജീവിതം ഇനിയും അയാളുടെ ഓർമ്മകളിൽപ്പെട്ട് ഉലയേണ്ടതല്ല. ഗെറ്റ് ഔട്ട് ഓഫ് ദി ഇല്ല്യൂഷൻ.’ അയാൾ ഉറച്ച സ്വരത്തിൽ പറഞ്ഞു. പെട്ടന്ന് മീരയുടെ മുഖഭാവവും മാറി.
‘ ആരാണത് തീരുമാനിക്കേണ്ടത് റാം? എന്റെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് എനിക്ക് തിരഞ്ഞെടുത്തുകൂടെ? ആന്റ് ഐ ചൂസ് ടു ലവ് ആനന്ദ്. ഞാൻ മരിക്കും വരെ.’
9
മീര റെയിൽവേസ്റ്റേഷനിലെ ബെഞ്ചിലിരുന്ന് വാച്ചിൽ സമയം നോക്കി. ട്രെയിൻ വരാൻ അരമണിക്കൂർ കൂടി സമയമുണ്ട്. അവൾ ബാഗ് തുറന്ന് ഐപോഡ് എടുത്ത് ഹെഡ്സെറ്റ് ചെവിയിൽ കുത്തി പ്ലേലിസ്റ്റ് നോക്കി. ഉസ്താദ് ഷുജാദ് ഖാൻ മനസ്സിലുടക്കി. ആനന്ദിൽ നിന്നാണ് സംഗീതം കേൾക്കുന്ന ശീലം കിട്ടിയത്. മെയ് മാസത്തിൽ നാട്ടിൽ വന്ന് ആനന്ദിനടുത്തെത്തിയാൽ പിന്നെ തിരിച്ചു പോകുന്നത് വരെ പശ്ചാത്തലത്തിൽ പഴയ ഹിന്ദി ഗാനങ്ങളും ഗസലുകളും ഹിന്ദുസ്ഥാനിയും ബീറ്റിൽസും എൽട്ടൻ ജോണും ഒക്കെ ഉണ്ടാവും സദാ സമയം. ആ ചാരുകസേരയിൽ കിടക്കുമ്പോഴും ആനന്ദിന്റെ മനസ്സ് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും പറന്ന് നടക്കുകയായിരിക്കും. പുറമെ കാണുമ്പോൾ വളരെ ശാന്തനാണെന്ന് തോന്നുമെങ്കിലും അയാളുടെ കണ്ണുകളുടെ തിളക്കത്തിലുണ്ടായിരുന്നു തലയിൽ കൊണ്ടുനടന്ന ഭ്രാന്തുകളത്രെയും!
‘ കഹാൻ ആകെ രുഖ്നേ ഥെ രാസ്തേ,
കഹാൻ മോട് ഥാ ഉസെ ഭൂൽ ജാ…’ രണ്ടു വരി കേട്ട് മീര നിർത്തി. ആനന്ദിനെ മറന്നു കളയാൻ ഉപദേശിച്ച റാമിനെയാണ് പെട്ടന്ന് ഓർമ്മ വന്നത്. മീരയ്ക്ക് റാമിനോട് അല്പം നീരസം തോന്നിയിരുന്നു. അയാൾ തന്റെ നന്മയായിരിക്കണം ഉദ്ദേശിച്ചത്. പക്ഷേ….! ആ കത്ത് തന്റെ കയ്യിലെക്കെത്തിക്കാൻ വൈകിച്ചത് ആര് ആരോട് ചെയ്ത അന്യായമാണെന്ന് പറയാൻ വയ്യ. കാലമായിരിക്കാം! ചിന്തകളിൽ മുഴുകിയിരിക്കുന്നതിനിടയിൽ ട്രെയിനിന്റെ അനൗൺസ്മെന്റ് വന്നു. ട്രെയിനിൽ കയറിയ മീര ഒന്ന് മയങ്ങി കണ്ണു തുറന്നപ്പോഴേക്കും അസ്തമന സൂര്യന്റെ ചുവപ്പ് പരന്നിരുന്നു. ആ നിറം തന്റെ സ്വത്വത്തിൽ അലിഞ്ഞു ചേർന്നിരിക്കുകയാണ്. അവൾ ബാഗ് തുറന്ന് പലവട്ടം വായിച്ചുകഴിഞ്ഞ തന്റെ പേരെഴുതിയ കത്ത് കയ്യിലെടുത്ത് തുറന്നു. മരണം സംഭവിക്കുന്നതിന്റെ തലേ ദിവസം എഴുതിയതാണതെന്ന് മുകളിലെ ഡേറ്റ് ഓർമ്മിപ്പിച്ചു.
ഉരുകുമീ വേനൽച്ചൂടിൽ എൻ മനസ്സിൽ കിളിർത്ത രക്‌തപുഷ്പമേ,
അറിയുന്നു നീ എന്റെ സ്വന്തമെന്നതീ
മെയ്മാസം തീരും വരെ മാത്രം.!
പ്രിയപ്പെട്ട മീരാ,
നിന്റെ ആദ്യത്തെ കത്ത് പൊട്ടിച്ചു വായിച്ച ദിവസം ഡയറിയിൽ കുറിച്ചിട്ട നാലു വരികളാണിത്. പക്ഷേ, എന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് പിന്നീടുള്ള ദിവസങ്ങളത്രെയും നീ എന്റേത് മാത്രമായി. അല്ല, ഞാൻ നിന്റേത് മാത്രമായി എന്ന് പറയുന്നതാവും കൂടുതൽ ശരി. മീരാ, നമ്മളെന്തിന് കണ്ടുമുട്ടിയെന്നുള്ളത് ഒരർത്ഥമില്ലാത്ത ചോദ്യമാണ്. വേണമെങ്കിൽ എനിക്കത് തടുക്കാമായിരുന്നു. ഈ അല്പായുസ്സുള്ളവനുമായുള്ള പ്രണയത്തിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരിക നീ തനിച്ചായിരിക്കുമെന്നറിഞ്ഞിട്ടും എനിക്കത് ചെയ്യാൻ കഴിഞ്ഞില്ല. നിയോഗമായിരിക്കാം എന്നെ സ്വാർത്ഥനാവാൻ പ്രേരിപ്പിച്ചത്. പക്ഷേ, നിന്നോട് ക്ഷമ ചോദിച്ചാൽ ഞാൻ ചെയ്യുന്ന ഏറ്റവും വലിയ അന്യായമാവും, അപമാനവും.
നീ എന്നെ പ്രണയിച്ചിടത്തോളം ഞാൻ നിന്നെ അറിഞ്ഞു എന്നു തന്നെ കരുതട്ടെ. അതുകൊണ്ട് തന്നെ ഈ ലോകത്തിൽ നിന്റെ സ്ഥാനം എന്റെ പ്രണയിനിയുടേതാകണം എന്ന് ആഗ്രഹിക്കാനുള്ള അധികാരവും എനിക്കുണ്ടെന്ന് കരുതുന്നു. ഒരു സാധാരണ മനുഷ്യന്റെ എല്ലാ സ്വാർത്ഥതയോടും കൂടിത്തന്നെ ഞാൻ നിന്നോട് ചില കാര്യങ്ങൾ ആവശ്യപ്പെടുകയാണ്.
നമ്മളൊന്നിച്ച് പോകാനാഗ്രഹിച്ച യാത്ര പോകുക. രാമേശ്വരത്തേക്ക്. എനിക്ക് വേണ്ടി മരണനന്തരകർമ്മങ്ങൾ ചെയ്യാൻ അവകാശപ്പെട്ട മറ്റാരും ഈ ഭൂമിയില്ല. ആത്മാവിനൊരു മോചനം ആഗ്രഹിച്ചല്ല ഞാൻ ഇത് പറയുന്നത്. പകരം എന്നെയും നിന്നെയും മറ്റു ബന്ധനങ്ങളിൽ നിന്ന് മോചിപ്പിക്കാനായാണ്. നീ സ്വതന്ത്രയാവണം മറ്റെല്ലാ ബന്ധനങ്ങളിൽ നിന്നും.
ഇനി രണ്ടാമത്തെ ആവശ്യം പറയട്ടെ, എന്റെ പരമ്പര നിലനിർത്തണമെന്ന് ഞാൻ മുൻപൊരിക്കലും ആഗ്രഹിച്ചിട്ടില്ല. പക്ഷേ, നിന്നിലൂടെ ഈ പ്രണയത്തിന്റെ വിത്തുകൾ ഭൂമിയിൽ വളരണം എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നു.
‘ ഗുൽമോഹർ ‘ ഞാൻ തുടങ്ങിവെച്ച അവസാനത്തെ കഥയാണ്. നമ്മുടെ കഥ. എഴുതിത്തീർക്കാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. മീരാ, It is our baby. The baby born out of our love. അതിനെ ലോകത്തിലേക്ക് കൊണ്ടുവരാൻ നിനക്ക് മാത്രമേ സാധിക്കൂ. ഭയപ്പെടേണ്ട, നീ ഒറ്റക്കല്ല. ഇനി എന്റെ ഗുൽമോഹറിന് പടർന്നു പന്തലിക്കാനായി ഞാനെന്ന ആകാശം എന്നും നിന്റെ തലയ്ക്ക് മുകളിലുണ്ടാവും. പേനയെടുത്ത് എഴുതിത്തുടങ്ങിയാൽ മാത്രം മതി. മൂന്നാമതായി, ഗുൽമോഹർ വീണ്ടും പൂക്കുമ്പോൾ നമ്മളാദ്യം കണ്ട മെയ് പതിനൊന്നിന് നീ ഇവിടെ വരണം. ആ ബെഞ്ചിന്റെ ഒരറ്റത്ത് നിനക്കായി ഞാൻ കാത്തിരിയ്ക്കും.
മീരാ, നീ വന്നില്ലായിരുന്നെങ്കിൽ എന്റെ ആത്മാവ് പോലും ഏതോ മരുഭൂമിയിൽ യുഗങ്ങളോളം അലയാൻ വിധിക്കപ്പെടുമായിരുന്നു. ഇന്ന് ഞാൻ കൃതാർത്ഥനാണ്, പൂർണനും. അവസാനമായി ഒരാഗ്രഹം കൂടി പറഞ്ഞുകൊണ്ട് നിർത്തട്ടെ. ഈ കത്തിന് ഒരു മറുപടിയെഴുതി ഭൂമിയുടെ എനിക്കിഷ്ടപ്പെട്ട ആ അറ്റത്ത് കൊണ്ടുപോയി ഒഴുക്കുക. മറ്റേ അറ്റത്തിരുന്നു ഞാൻ അത് വായിച്ചുകൊള്ളാം.
P. S – സേതുബന്ധമെന്നത് അവനെന്റെ മനസ്സിന്റെ ശത്രുക്കളെ നിഗ്രഹിച്ച് നഷ്ടപ്പെട്ട സ്വന്തം ആത്മാവിനെ വീണ്ടെടുക്കാനാൻ സൃഷ്ടിച്ച പാലമാണ് മീരാ. പ്രണയത്തിലേക്കുള്ള പാലം. അത് എനിക്ക് മനസ്സിലാക്കിത്തന്നത് നീയാണ്. ഇനി നിന്റെ ഊഴമാണ്. നിന്നോടൊപ്പം നിന്റെ സ്വാതന്ത്ര്യത്തെയും നീ വീണ്ടെടുക്കുക.
എന്ന്
സ്നേഹത്തോടെ,
ആനന്ദ്.
10
ട്രെയിൻ രാമശ്വരത്തെത്തുന്ന സമയം കണക്കാക്കി രാവിലെ അഞ്ചുമണിക്ക് അലാറം വെച്ചെഴുന്നേറ്റ് മീര പുറത്തേക്ക് നോക്കിയിരുന്നു. വൈദ്യുതിവിളക്കുകളുടെ വെളിച്ചത്തിൽ ദൂരത്ത് സുദീർഘമായ പാലം തെളിഞ്ഞു. ഒപ്പം തിരയടിക്കുന്ന ശബ്ദവും എല്ലുകോച്ചുന്ന തണുത്ത കാറ്റും. ഓരോ തിരകളും മനസ്സിന്റെ അടിത്തട്ടിൽ നിന്നും എന്തൊക്കെയോ തീരത്തേക്ക് വാരിയിടുകയാണ്. ആനന്ദിനൊപ്പമുണ്ടായിരുന്ന ഒരുപിടി നിമിഷങ്ങൾ ഭൂതകാലത്തിൽ നിന്നും ഒഴുകിയെത്തി. ‘ ആനന്ദിന്റെ സേതുബന്ധത്തോടുള്ള ഒബ്സെഷൻ എനിക്ക് മനസ്സിലാകില്ല. ഒരു ഭൂഖണ്ഡത്തിനറ്റം വരെ പോയെങ്കിലും, ഒരു പാലം പണിതെങ്കിലും, രാമന് സീതയിലേക്കുള്ള വഴി കണ്ടെത്താണായിട്ടില്ലെന്നാണ് എന്റെ അഭിപ്രായം.’ മീരയ്ക്ക് രാമനോട് മാത്രമല്ല പുരുഷന്മാരോട് മൊത്തത്തിൽ വിദ്വേഷമുണ്ടെന്നു തോന്നാറുണ്ട് ചിലപ്പോൾ. അപ്പോൾ അവൾ വഴക്കാളിയാവും. ആനന്ദ് തന്റെ ജീവിതത്തിലെ ആ പുതുമകളെ കൂടുതൽ ആസ്വദിക്കുകയായിരുന്നു.
‘ മീരാ, രാമന് സീതയിലേക്കോ സീതയ്ക്ക് രാമനിലേക്കോ ഒരു വഴി തേടണമെന്ന് തോന്നുന്നത് ഭൗതികമായ തലങ്ങളിൽ മാത്രം നിന്ന് ചിന്തിക്കുമ്പോഴാണ്. യഥാർത്ഥത്തിൽ അവർ പിരിയുന്നേയില്ല.’ ആനന്ദിന് എന്തിനും ഉത്തരമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അറിവിന്റെ വ്യാപ്തി അറിയാമെങ്കിലും തന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് തർക്കിക്കാൻ മീര മടിച്ചിരുന്നില്ല. പക്ഷേ സംവാദങ്ങൾക്ക് മൂർച്ചയേറാൻ അയാൾ അനുവദിക്കില്ല. ‘എന്നാൽ മീരയുടെ ഇഷ്ടം പോലെ ആവട്ടെ.’ എന്ന് ഒരു പുഞ്ചിരിയിൽ ആ തർക്കത്തിന് വിരാമമിടും. ഇന്ന്, ആനന്ദിന്റെ വാദങ്ങളൊക്കെ അംഗീകരിക്കാൻ താൻ തയ്യാറാണ്. പക്ഷേ….
പിറ്റേന്ന് പുലർച്ചെ മീര അഗ്നിതീർത്ഥത്തിലെത്തി. മനസ്സ് പോലെ വാനം ഇരുണ്ടമേഘങ്ങളോടുകൂടി അശാന്തമായിക്കിടക്കുന്നു. എത്രയൊക്കെ പറഞ്ഞു പഠിപ്പിച്ചാലും മനസ്സ് ചില സമയം കുട്ടികളെപ്പോലെ അപക്വമായേ പെരുമാറൂ. പ്രണയിച്ച പുരുഷനെ എന്നെന്നേക്കുമായി സ്വന്തമാക്കാൻ ഇന്ന് കയ്യിലുള്ളത് വരണമാല്യത്തിന് പകരം ബലിതർപ്പണദ്രവ്യങ്ങളാണ്. യുക്തിരഹിതമാണെങ്കിലും ഈ യാഥാർഥ്യത്തെ അഭിമുഖീകരിക്കാൻ തീരുമാനിച്ചപ്പോഴുള്ള ധൈര്യമത്രെയും ഈ നിമിഷത്തിൽ ചോർന്നുപോവുകയാണ്.
‘ ബേട്ടി, മേം തുമാരി മദദ് കരൂ?’ വെളുത്ത് മെലിഞ്ഞ വൃദ്ധനായ ഒരു പരികർമ്മി മുൻപിൽ പ്രത്യക്ഷനായിരിക്കുന്നു. മീര ശരിയെന്ന അർത്ഥത്തിൽ തലയാട്ടി. മലയാളിയാണെന്ന് അറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുറിഞ്ഞ മലയാളത്തിൽ കടലിൽ മുങ്ങി വരാൻ നിർദേശിച്ചു. അപ്പോഴേക്കും തീരത്തെ മണലിൽ കർമ്മങ്ങൾക്ക് വേണ്ട ഒരുക്കങ്ങൾ അദ്ദേഹം നടത്തി.
‘മരിച്ച ആളുടെ പേര്?’
‘ആനന്ദ് ‘
‘നക്ഷത്രം?’
‘ഭരണി ‘
ഉച്ചത്തിൽ മന്ത്രങ്ങളുരുവികൊണ്ടിരുന്ന അദ്ദേഹം ഇടയ്ക്ക് നിർത്തി ചോദിച്ചു.
‘മരിച്ചയാൾ നിങ്ങളുടെ ആരാണ്?’
മനസ്സിലറിയുന്ന ഉത്തരം ഒറ്റവാക്കിലേക്ക് ചുരുക്കാനറിയാതെ മീര വിഷമിച്ചു. ഇങ്ങനെയൊരു ചോദ്യവും ഉത്തരരവും അനിവാര്യതയാണ്. എന്നിട്ടും എന്തുകൊണ്ട് താനത് മുൻപ് ആലോചിച്ചില്ല? അവളുടെ ഹൃദയത്തിന്റെ ഭാരം ക്രമാതീതമായി വർധിച്ചു. കർമ്മങ്ങൾ ചെയ്യാൻ വരുന്നവരുടെ ദുഃഖങ്ങൾ അദ്ദേഹം വർഷങ്ങളായി കാണുന്നതാണ്. പക്ഷേ, മീരയുടെ കണ്ണുകളിലെ വേദന അദ്ദേഹത്തിനും പ്രയാസമുണ്ടാക്കി. ‘ പത്നി?’ ഉത്തരമറിയാനായി മാത്രം അദ്ദേഹം ചോദിച്ചു. അല്ലെന്ന അർത്ഥത്തിൽ തലയാട്ടുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. ‘ഞങ്ങൾ പ്രണയത്തിലായിരുന്നു. അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് ഞാൻ കർമ്മങ്ങൾ ചെയ്യാൻ ഇവിടെ വന്നത്.’ അവൾ മനോദുഃഖം കടിച്ചമർത്തിക്കൊണ്ട് ദൃഡമായ സ്വരത്തിൽ പറഞ്ഞു.
‘ ആത്മബന്ധത്തേക്കാൾ മഹത്തരമായ മറ്റൊന്നും ഇല്ല കുട്ടീ. ബന്ധങ്ങൾക്കൊരു പേരിട്ടു വിളിക്കേണ്ട ആവശ്യമില്ല. ആളെ മനസ്സിൽ ധ്യാനിച്ച് കർമങ്ങൾ ചെയ്തോളു. ‘ തേജസ്വിയായ ആ പരികർമ്മി തനിക്ക് തന്ന ആദരവിൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ കണ്ണുകളടച്ച് അദ്ദേഹം ചൊല്ലിക്കൊടുത്ത് ഏറ്റു പറഞ്ഞു.
ആ കർമങ്ങൾക്ക് മനസ്സിന്റെ അതുവരെ തുറക്കാത്ത അറകളെ മുഴുവൻ തുറന്ന് ശുദ്ധീകരിക്കാനുള്ള കഴിവുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി അവളുടെ സ്വത്വത്തിന്റെ ഓരോ കോണിലും പതിയിരുന്ന ദുഖത്തിന്റെ നിഴലുകൾ കണ്ണുകളിലെ ജലധാരയിലൂടെ നിർത്താതെ പുറത്തേക്കൊഴുകി.
‘അവസാനമായി പിണ്ഡത്തിന്റെ കാൽക്കൽ നമസ്കരിച്ച് ആത്മാവിനെ പരലോകത്തേക്ക് തിരിച്ചയയ്ക്കൂ.’ കർമ്മങ്ങളുടെ അന്ത്യഘട്ടത്തിൽ പരികർമ്മി നിർദ്ദേശിച്ചു.
നമസ്കരിക്കാനായി ഭൂമിയിലേക്ക് കുനിഞ്ഞ മീരയുടെ ഹൃദയഭാരം അസഹ്യമായി. അറിഞ്ഞു സ്വീകരിച്ച അയാഥാർഥ്യങ്ങൾക്ക് മുൻപിൽ യാഥാർഥ്യങ്ങൾ വന്നു നിന്നു. കർമ്മങ്ങൾക്ക് വേണ്ടിയാണെങ്കിൽ പോലും ആനന്ദിനോട് വിട പറയാൻ അവൾ അശക്തയായി. അവൾ ഏങ്ങലടിച്ച് ദീർഘനേരം കരഞ്ഞു. മനസ്സിലെ മനസ്സിലെ ദുഖത്തിന്റ ഉറവ നേർത്തപ്പോൾ അവൾ എഴുന്നേറ്റ് മുങ്ങിക്കുളിച്ച് തന്റെ മനസ്സറിഞ്ഞു കൂടെ നിന്ന ആ വൃദ്ധന്റെ കാൽതൊട്ട് വന്ദിച്ചു.
‘ അവസാനങ്ങൾ കണ്ണുകൾക്ക് മാത്രമാണ് കുട്ടീ. യഥാർത്ഥത്തിൽ ഒന്നും തന്നെ അവസാനിക്കുന്നില്ല. മനസ്സ് ശാന്തമാവുമ്പോൾ അത് നിനക്ക് മനസ്സിലാക്കാൻ സാധിക്കും. എല്ലാ മംഗളങ്ങളും നേരുന്നു.’ അദ്ദേഹം മീരയുടെ നെറുകയിൽ കൈവെച്ച് അനുഗ്രഹിച്ചു.
നന്നായി വിശ്രമിച്ചശേഷം വൈകിട്ട് അവൾ ധനുഷ്കോടിയിൽ പോയി. ചുറ്റിലും കടൽ മാത്രം. അപ്പുറമൊരു മറുകരയുണ്ടെന്നത് കണ്ണു തുറന്നുകൊണ്ട് വിശ്വസിക്കാനാവില്ല, കണ്ണടച്ച് നീന്താം. അത്ര മാത്രം. ഒരു ജന്മത്തിലെ എന്തിന്റെയൊക്കെയോ ഒടുക്കം, മറ്റെന്തിന്റെയൊക്കെയോ തുടക്കം. മീര ബാഗിൽ നിന്ന് ആനന്ദിനായി അവസാനത്തെ എഴുതിയ കത്തെടുത്ത് കടലിലൊഴുക്കി. അത് കണ്ണെത്തതാ ദൂരത്ത് മറയും വരെ നോക്കി നിന്നു. കാറിൽ കയറി തിരിച്ചു പോരുമ്പോൾ മനസ്സിലൊരു ആശ്വാസം. മറുപടി പ്രതീക്ഷിക്കാനാവാത്ത ആ കത്ത് ആനന്ദിനടുത്തെത്തിയിട്ടുണ്ടാവാം. അവൾ സീറ്റിലേക്ക് തലചായ്ച്ച് ദീർഘനിശ്വാസത്തോടെ കണ്ണുകളടച്ചു.
‘പ്രിയപ്പെട്ട ആനന്ദ്,
ഐ മിസ്സ് യു. ബുദ്ധൻ ഗയയിലെ ആൽവൃക്ഷച്ചുവട്ടിൽ ചെന്നിരുന്ന നിമിഷങ്ങൾ പോലെയാണ്, ആ ഗുൽമോഹറിൻ ചുവട്ടിൽ ആനന്ദിനൊപ്പം ഞാൻ ആദ്യമായി വന്നിരുന്ന നിമിഷങ്ങൾ. ഞാൻ ആനന്ദിനെ പ്രണയിക്കുന്ന അത്രയും തീവ്രമായി തന്നെ ആനന്ദ് എന്നെ പ്രണയിക്കുന്നുവെന്നുള്ള തിരിച്ചറിവ് ജീവിച്ചിരിക്കുമ്പോൾ തന്നെ എനിക്ക് കിട്ടിയ മോക്ഷമാണ്. എന്റെ സ്വാതന്ത്ര്യം ഈ പ്രണയമാണ് ആനന്ദ്. ഇതിൽ കുറഞ്ഞതൊന്നും എനിക്കിനി സ്വീകരിക്കാനാവില്ല. ആനന്ദിന്റെ ആഗ്രഹങ്ങൾ എന്റെ ജീവിതത്തിനൊരു ലക്ഷ്യമുണ്ടാക്കിത്തന്നിരിക്കുകയാണ്.
ആനന്ദിന്റെ അഭാവം നേരിടാനുള്ള കരുത്തില്ലാത്തത് കൊണ്ടാണ് നാട്ടിലേക്ക് വരാൻ മൂന്നു വർഷം വൈകിയത്. പക്ഷേ, ആ വീട്ടിലെത്തിയപ്പോൾ മനസ്സിലായി നേരത്തെ വരണമായിരുന്നെന്ന്. ആനന്ദിന്റെ സാന്നിധ്യം നിറഞ്ഞു നിൽക്കുന്ന ആ വീട്ടിൽ ഞാൻ സന്തോഷവതിയാണ്. ഈ ജന്മം തീരുവോളം രാവിലെ തുറന്നിട്ട ജനാലയ്ക്ക് സമീപം നിന്ന് കാപ്പി കുടിക്കാനും ചാറുകസേരയിലിരുന്നു പാട്ടുകേൾക്കാനും നമ്മളൊന്നിച്ചുറങ്ങിയിരുന്ന ആ കട്ടിലിൽ കിടന്നുറങ്ങാനുമാണ് ഞാനാഗ്രഹിക്കുന്നത്. രസകരമായ ഒരു കാര്യം പറയട്ടെ, ഞാൻ എഴുതിത്തുടങ്ങുന്നതിന് മുൻപ് ആനന്ദിന്റെ സിഗാറെടുത്ത് കത്തിച്ചു ആഷ്ട്രേയ്ക്ക് മുകളിൽ വെക്കാറുണ്ട്. ആനന്ദ് കൈപിടിച്ച് എഴുതിയ്ക്കുന്നത് പോലെയാണ് അന്നേരം എനിക്ക് തോന്നാറുള്ളത്. ഒരു ദിവസം റാം അതിനിടയിൽ കയറി വന്നു. ‘ആനന്ദ് മീരയെ സിഗാർ വലിക്കാനും പഠിപ്പിച്ചിരുന്നോ?’ എന്ന് പരിഹാസത്തോടെ ചോദിച്ചു. റാമൊരു നല്ല സുഹൃത്താണ്. അദ്ദേഹം മാത്രമല്ല, ഡോ. രഘുവും. ആനന്ദിന്റെ ഈ മനോഹരമായ ലോകം എന്റേത് കൂടിയായിക്കൊണ്ടിരിക്കുന്നു .
വിവരങ്ങൾ പറഞ്ഞപ്പോൾ വീട്ടിൽ എതിർപ്പുകളുണ്ടായി. ഇനി തിരിച്ചു ചെല്ലേണ്ടെന്ന് പറഞ്ഞു. പക്ഷേ, എന്നെ അതൊന്നും ബാധിച്ചില്ല. ഞാൻ ഇറങ്ങിപ്പോന്നത് ജീവിതത്തിൽ നിന്നല്ല, മരണതുല്യമായ ജീവിതത്തിൽ നിന്നാണ്. ആനന്ദ് പറഞ്ഞത് ശരിയാണ്, ഞാനൊരു ഗുൽമോഹർ വൃക്ഷമായി മാറിയിരിക്കുകയാണ്. ആനന്ദ് എന്ന ആകാശത്തിന് കീഴെ പൂത്തുനിൽക്കാൻ മാത്രം കൊതിക്കുന്ന ഗുൽമോഹർ.
P. S – പ്രണയത്താൽ നികത്തിയ അകലങ്ങൾക്ക് കുറുകെ ഗുൽമോഹർ പൂക്കൾ കൊണ്ടൊരു പാലം പണിയാം,
നീയെന്ന ആകാശത്തെ ഞാനെന്ന
ചില്ലയിലേക്ക് അനന്തമായ് കോർത്തിടാൻ.
സ്നേഹപൂർവ്വം
മീര.