കഴിഞ്ഞയാഴ്ച ലോക കത്തെഴുതൽ ദിനം കടന്നു പോയത് എന്റെ എഴുത്തുകളുടെ ആദ്യത്തെ വേരിനെ തൊട്ടുകൊണ്ടാണ്. 2018ൽ എഴുതിയ ‘ഗുൽമോഹർ’ എന്ന എന്റെ രണ്ടാമത്തെ ചെറുകഥ, ‘ ഗുൽമോഹർ വീണ്ടും പൂക്കുമ്പോൾ’ എന്ന പേരിൽ രണ്ടാംഭാഗവും ചേർത്ത് പുതുക്കിപണിഞ്ഞു ആദ്യത്തെ ബ്ലോഗ് പോസ്റ്റ് ചെയ്യാമെന്ന് കരുതിയിരുന്നു. പക്ഷേ, അതിലെ ആദ്യത്തെ കത്ത് തിരുത്തിക്കഴിഞ്ഞപ്പോഴാണ് കത്തെഴുതൽ ദിനത്തിൽ സോഷ്യൽ മീഡിയയിലെ ഒരു കുറിപ്പ് മുൻപിലൂടെ കടന്നു പോയത്. എങ്കിൽ പിന്നെ ഒരു ചെറിയ തുടക്കമിട്ടുകൊണ്ട് ഇത് തന്നെയാവട്ടെ ആദ്യത്തെ മലയാളം ബ്ലോഗ് പോസ്റ്റ് എന്ന് കരുതി.
ഞാൻ ആദ്യമായി എഴുതിത്തുടങ്ങിയത് കത്തുകളാണ്, ഒൻപതാം വയസ്സിൽ. ഒരുപക്ഷെ, കത്തുകളോടുള്ള ഇഷ്ടം ക്ലാസ്സ്‌മുറികളിൽ തുടങ്ങിയതാവണം. പക്ഷേ, അച്ഛന്റെ ട്രാൻസ്ഫർ മൂലം ആ സമയത്ത് തൃപ്പൂണിത്തുറയിൽ നിന്നും കോഴിക്കോടേക്കുള്ള ഒരു പറിച്ചു നടലാണ് കത്തുകളെ എന്റെ സ്വകാര്യസന്തോഷമാക്കി മാറ്റിയത്. കാലത്തിന്റെ മുൻപോട്ടുള്ള ഗതിയിലും, ആഴത്തിൽ പതിഞ്ഞു കിടന്ന സന്തോഷകരമായ ഭൂതകാലം അത്ര പെട്ടന്ന് പകരവെക്കാവുന്ന ഒന്നല്ലല്ലോ. ഇണങ്ങിച്ചേരാനാവാത്ത പുതിയ സാഹചര്യങ്ങൾക്കിടയിൽ പഴയ സൗഹൃദങ്ങൾ ശക്തമായി തിരികെ വിളിക്കുന്നെന്ന് തോന്നുമ്പോൾ പേപ്പറും പേനയുമെടുത്ത് കത്തെഴുതും. പുതിയ ലോകത്തെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന കത്തുകൾ, ഒരിക്കലും പുറംലോകം കാണാത്ത, തപാൽപ്പെട്ടി കാണാത്ത, സുഹൃത്തുക്കളെ തേടിച്ചെല്ലാത്ത മേൽവിലാസമെഴുതിയ കത്തുകൾ. മനസ്സ് തുറന്ന സ്വതന്ത്രസലാപങ്ങളെല്ലാം ആ കത്തുകളിൽ തന്നെ ഒതുങ്ങി. ബാഗിൽ നിന്ന് കണ്ടെടുത്ത ഒരു കത്ത് കണ്ട് അമ്മ പറഞ്ഞ ഓർമ്മയുണ്ട്, നീ എത്ര ഭംഗിയായാണ് കത്തെഴുതിയിരിക്കുന്നതെന്ന്. ഒരു കത്ത് തുറക്കുമ്പോൾ കണ്മുന്നിൽ തെളിയുന്നത് ഒരു കാലഘട്ടം കൂടിയാണ്, അതോടൊപ്പം അതെഴുതിയ ആളുടെ ശബ്ദവും ഗന്ധവും സ്പർശവും എല്ലാം നമ്മളെ തേടിയെത്തും. ഇതൊക്ക കൊണ്ടാവണം കഥകളെഴുതിത്തുടങ്ങിയപ്പോൾ കത്തുകൾ അവിടെയും സ്ഥാനം പിടിച്ചത്. ആ പഴയ ശീലം എവിടെയോ കളഞ്ഞുപോയെങ്കിലും, പലരും എഴുതിയ പഴയ കത്തുകൾ കാണുമ്പോൾ തോന്നാറുണ്ട്, കത്തുകൾ എഴുതുന്ന മനുഷ്യർക്കൊന്നും മരണമില്ലെന്ന്. ഓർമ്മകൾക്കൊപ്പം ‘ ഗുൽമോഹർ വീണ്ടും പൂക്കുമ്പോൾ’ എന്ന കഥയിലെ ആദ്യത്തെ കത്ത് കൂടി ഇവിടെ ചേർക്കുന്നു. ഞാൻ മീര. ഓർമ്മപ്പെടുത്താൻ ഒരു മുൻപരിചയം നമ്മൾ തമ്മിലില്ല, എന്നെ ഒറ്റവാക്കിൽ പരിചയപ്പെടുത്താൻ തക്ക പ്രസക്തിയുള്ള മേൽവിലാസവും. ആരാധിക എന്ന വാക്കും അനുയോജ്യമല്ല. ആനന്ദിന്റെ ഒരു പുസ്തകമേ ഞാൻ വായിച്ചിട്ടുള്ളു. അതും കണ്ണടച്ച് പബ്ലിക് ലൈബ്രറിയിലെ അലമാരയിൽ നിന്ന് തിരഞ്ഞെടുത്തത്. കണ്ണുതുറന്ന് തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുമ്പോൾ കണ്ണടച്ചുള്ള ഒരു തിരഞ്ഞെടുപ്പ്. കുട്ടിയായിരിക്കുമ്പോൾ അമ്മ പഠിപ്പിച്ചു തന്നതാണ്. ഇന്ന് കണ്ണ് തുറന്ന് തീരുമാനങ്ങളെടുക്കാൻ മറന്നിരിക്കുന്നു എന്ന് തന്നെ പറയാം. ഈ കത്തും അതുപോലെയൊന്നാണ്. കഴിഞ്ഞ മാസമാണ് ആനന്ദിന്റെ ‘വയലറ്റ്‘ എന്ന പുസ്തകം ഞാൻ വായിക്കുന്നത്. അത് മനസ്സിനെ സ്പർശിച്ചു എന്ന് പറയുന്നതിലും മോഹിപ്പിച്ചു എന്ന് പറയുന്നതാവും ശരി. നിങ്ങൾ വർണിച്ച വേർഡ്സ് വർത്തിന്റെ ലൂസി ഞാനായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. അവൾക്കായി അദ്ദേഹം എഴുതിയ വരികൾ എനിക്ക് വേണ്ടിയും അന്വർത്ഥമായിരുന്നെങ്കിൽ എന്ന് മനസ്സ് കൊതിച്ചു പോയി. തീവ്രമായി പ്രണയിക്കപ്പെടുന്ന ലോകത്തിനദൃശ്യയായ ഒരുവൾ, പ്രണയിക്കുന്നവന്റെ കണ്ണിൽ മാത്രം നിറഞ്ഞു നിൽക്കുന്ന ഒറ്റ നക്ഷത്രം. ആ വയലറ്റ് പുഷ്പത്തെക്കുറിച്ചുള്ള നിങ്ങളുടെ വർണ്ണന എത്ര തവണ വായിച്ചു എന്നറിയില്ല. ആദ്യമായി മനസ്സിൽ പ്രണയമെന്ന അനുഭൂതി ഇത്ര തീവ്രമായി അനുഭവിപ്പിച്ചതിന് നന്ദി. എഴുത്തും എഴുത്തുകാരനും തമ്മിൽ ഏറെ അന്തരമുണ്ടാവും എന്നറിയാം, എന്നാലും ഈ എഴുത്തുകൾക്ക് ജന്മം കൊടുത്ത ആ കൈവിരലുകളോടുള്ള പ്രണയത്തെ ഇറക്കിവിടാൻ മനസ്സനുവദിക്കുന്നില്ല. ആനന്ദിനെക്കുറിച്ച് ഒരു ഗവേഷണം തന്നെ ഞാൻ നടത്തി എന്ന് പറയാം അതിനു ശേഷം. ഒരിക്കലും പ്രണയിക്കാത്ത ഒരാളാണ് ഈ എഴുത്തുകൾ എഴുതിയത് എന്നറിഞ്ഞപ്പോൾ തോന്നിയ ആശ്ചര്യം ചെറുതല്ല. ഏകാന്തതയിലാണ് പൂർണത എന്ന് മുൻപത്തേത് പോലെ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാനാവുന്നില്ല. ഈ ജന്മത്തിൽ ഇനി എന്തെങ്കിലും അനുഭവിക്കാനോ നേടാനോ ഉള്ള മോഹമില്ല. പക്ഷേ, ഇപ്പോൾ ആനന്ദിനെ ഒന്ന് നേരിൽ കാണണം എന്ന അതിയായ ആഗ്രഹമുണ്ട്. വെറുതെ ഒന്ന് കാണാൻ മാത്രം. ചിലപ്പോൾ അത് മനസ്സിനൊരു ആശ്വാസമേകിയേക്കാം. താങ്കൾ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജായ വിവരം പത്രത്തിൽ വായിച്ചറിഞ്ഞു. ഞാൻ താമസിക്കുന്നത് ഡൽഹിയിലാണ്. എല്ലാ മെയ്മാസത്തിലും നാട്ടിൽ വരാറുണ്ട്. വിരോധമില്ലെങ്കിൽ, ആരോഗ്യമനുവദിക്കുമെങ്കിൽ അടുത്ത തവണ വരുമ്പോൾ ഒന്ന് കാണാൻ ആഗ്രഹിക്കുന്നു. പ്രണയമെന്ന വിദൂരസങ്കല്പത്തിന്റെ നേർത്ത അനുഭവം പകർന്ന വ്യക്തിയോടുള്ള ഒരു അഭ്യർത്ഥന, സ്വീകരിക്കാനും നിരസിക്കാനുമുള്ള തീരുമാനം ആനന്ദിന്റെത് മാത്രമാണ്. മറുപടി പ്രതീക്ഷിക്കുന്നു. ‘ സ്നേഹപൂർവ്വം,
|